അവൾക്ക് എന്നും അതൊരത്ഭുതമായിരുന്നു. കാടും മലയും താണ്ടി, താഴ്വാരങ്ങളെ പുണർന്ന്, തെളിനീര് നിറഞ്ഞ പുഴയെ തഴുകി, കാറ്റിനൊപ്പം പറന്നവൾക്ക് താഴെയുള്ള ലോകം എന്നും ഒരത്ഭുതമായിരുന്നു. മറ്റെന്തിനേക്കാളും അവൾ ആകാശലോകത്തെ സ്നേഹിച്ചിരുന്നു. തന്റെ ചിറകുകളെയും. പറന്ന് പറന്ന് കൊതിതീരാത്ത മാലാഖ. ആകാശം എന്നുമവൾക്ക് ഒരാഘോഷമായിരുന്നു. ഉയരങ്ങൾ തേടിയുള്ള ഒരേകാന്ത പ്രയാണം. ലോകത്തെ മുഴുവനും തന്റെ ചിരിയിൽ മയക്കി, അവൾ ആകാശലോകത്തെ എത്തിപ്പിടിക്കാനുള്ള ശ്രമങ്ങളിൽ മുഴുകി. സാധാരണ മനുഷ്യർക്ക് മുകളിലൂടെ അസാധാരണത്വം നിറഞ്ഞൊരഹങ്കാരത്തോടെ തന്നെ അവൾ എന്നും ഉല്ലസിച്ച് പറന്നു.
ദിവസവും പുതിയ കാഴ്ചയും പുതിയ ലോകവും അവളെ പുണർന്നുകൊണ്ടേയിരുന്നു. എന്നാൽ അന്ന്, സാധാരണപോലെ സൂര്യോദയം കണ്ടുണർന്ന അവളൊന്ന് ഞെട്ടി. തന്റെ ചിറകുകൾ മാഞ്ഞുപോയിരിക്കുന്നു. എന്നും അഹങ്കാരത്തോടെ സൂക്ഷിച്ച, തന്റെ കൂടപ്പിറപ്പായ അവ തന്നെ വിട്ട് പോയിരിക്കുന്നു. തെളിഞ്ഞ ഹിമകണങ്ങൾ പോലെ നനുത്ത കണ്ണുനീർ ആ ചെറിയ കണ്ണുകളിൽ നിന്ന് ഉതിർന്നു. കണ്ണുകൾക്ക് താങ്ങാനാവാതെ അവ നിലംപതിച്ചു. ഇനി താനും ഭൂമിയിലെ വെറുമൊരു മനുഷ്യൻ മാത്രമല്ലെ എന്ന ഓർമ്മ അവളെ വല്ലാതെ തളർത്തി. വെറുമൊരു മനുഷ്യൻ. മനസ്സിൽ മാലാഖയും രൂപം കൊണ്ട് മനുഷ്യനുമായി മാറിയവൾ.
അടക്കാൻ വയ്യാത്ത വിഷമവുമായി അവൾ പയ്യെ നടന്നു. അകലെനിന്ന് നിന്ന് മാത്രം കണ്ടറിവുള്ള മനുഷ്യരുടെ ലോകത്തിലേക്ക്. കാലങ്ങളായുള്ള തന്റെ ഏകാന്തവാസത്തിന് ഒരു ശമനമെന്നോണം അവൾ ആൾക്കൂട്ടത്തിനിടയിലേക്ക് നടന്നു. തന്റെ ജീവിതം തീരെ അർത്ഥമില്ലാതായി തോന്നി അവൾക്. ഓരോ നിമിഷവും തന്റെ മാഞ്ഞുപോയ ചിറകുകൾ അവളെ നിരാശപ്പെടുത്തി. എവിടെ തേടണമെന്നോ എങ്ങനെ തിരിച്ച് കിട്ടുമെന്നോ അറിയാത്ത വിങ്ങലിൽ ഒരനാഥയെപ്പോലെ അവൾ ആ മനുഷ്യരുടെ ഇടയിൽ കഴിഞ്ഞ് കൂടി. ഒരു കൂട്ടം മനുഷ്യർക്കിടയിൽ ചങ്ങലയാൽ ബന്ധിക്കപ്പെട്ടപോലെ അവൾ കിടന്നു.
നാളുകൾ കടന്ന് പോയി. ഇന്നും അവൾ തന്റെ നഷ്ടസ്വപ്നവുമായി കാലം തള്ളിനീക്കാൻ ശ്രമിക്കുകയായിരുന്നു. ആ ഇടയ്ക്കാണ് അവൾ അവനെ ശ്രദ്ധിക്കുന്നത്. പേരുപോലുമറിയാത്ത ഒരു സാധാരാണ മനുഷ്യൻ. അക്ഷരങ്ങളെയും പുസ്തകങ്ങളെയും സ്നേഹിച്ച്, അന്നന്നത്തെ അന്നം തേടി കഴിയുന്ന ഒരു പയ്യൻ. സ്ഥിരം കാണുന്ന ഒരു മുഖമെന്നതിനപ്പുറം അവളിലെ എന്തോ അവനേയും ആകർഷിച്ചിരുന്നു. അങ്ങനെ ഉതിർന്ന കൗതുകപുറത്ത് അവർ സംസാരിച്ചടുത്തു. അവളുടെ ഉള്ളിലടക്കിയ തന്റെ സങ്കടങ്ങൾ മുഴുവൻ ഒരു പുഴപോലെ ഒഴുകി. അത് മുഴുവൻ ആ ചിറകുകളേ പറ്റിയായിരുന്നു. ഒരിക്കൽ തന്നെ എടുത്തുയർത്തിയവ. നഷ്ടപ്പെട്ട ആകാശലോകത്തിന്റെ ഓർമ്മകൾ അവളെ വീണ്ടും സങ്കടത്തിലാഴ്ത്തുന്നത് അവൻ തെല്ലും മുഖഭാവം മാറാതെ നോക്കി നിന്നു. തന്റെ മുഖത്തെ നിറപുഞ്ചിരി മായാതെ തന്നെ അവൻ പറഞ്ഞു.."ആഹാ ഇത്രേ ഉള്ളോ!!". ആ വാക്കുകൾ ഒരു പുച്ഛ സ്വരമായാണ് അവൾക്ക് ആദ്യം തോന്നിയെങ്കിലും, അടുത്ത നിമിഷം തന്നെ അവൾ അത്ഭുതത്തോടെ ഒന്ന് ഞെട്ടി. തെളിഞ്ഞ മുഖത്തോടെ തന്നെ നിമിഷാർധങ്ങൾ കൊണ്ട് അവൻ അവളുടെ ചിറകുകളായി മാറി. പ്രാകാശം ചൊരിയുന്ന തൂവെള്ള ചിറകുകൾ.
ചിറകുകൾ തിരികെ ലഭിച്ച ആ നിമിഷം തന്നെ മറ്റൊന്നും ആലോചിക്കാതെ അവൾ പറന്നുയർന്നു. തന്റെ സ്വപ്നലോകത്തേക്ക്. ആ സന്തോഷത്തിലെവിടെയോ അവന്റെ മുഖവും അവളൊരുനിമിഷം മറന്നിരുന്നു. ആഹ്ലാദത്തിമിർപ്പിനിടയിൽ മുകളിലെത്തിയ അവൾ നിറകണ്ണുകളോടെ ഒന്ന് താഴേക്ക് നോക്കി. ശേഷം വിങ്ങിയ മനസ്സുമായി അവൾ താഴോട്ട് പറന്നിറങ്ങി. പുൽത്തകിടിയിലിരുന്ന അവൾക്ക് തന്റെ കണ്ണുനീർ നിയന്ത്രിക്കാനായില്ല. ഇന്നേവരെ അവളനുഭവിക്കാത്ത ഒരു പ്രത്യേക നിമിഷമായിരുന്നു അത്.
മാലാഖമാരുടെ ചിറകുകളായിമാറുന്ന മനുഷ്യരുടെ ഈ ഭൂമി ആകാശത്തേക്കാൾ പതിന്മടങ്ങ് വിസ്താരമേറിയതാണെന്ന് തിരിച്ചറിഞ്ഞ നിമിഷം.
~ജയ്ക്കൂ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ