ഒരു പിറന്നാൾ. ഏറെ കാത്തിരുന്ന നിമിഷം. വളരെ അപ്രതീക്ഷിതമായി കടന്ന് വന്ന ആ രൂപം. അതെ. ആദ്യമായി അവൾ തന്നെ ആശംസ അറിയിച്ചു. എന്തെന്നില്ലാത്ത സന്തോഷം. പ്രതീക്ഷിച്ചിരുന്ന ഒരു ആശംസയാണെങ്കിൽ കൂടി ആദ്യമായി അത് കേക്കുമ്പോ ഉള്ള ഒരു സന്തോഷം ഒന്ന് വേറെ തന്നെയാണ്. ദിവസവും സംസാരിക്കുന്നതാണെങ്കിലും പതിവ് കുശാലാന്വേഷണങ്ങൾ അവളും ഞാനും മറന്നില്ല. അവളെ കണ്ടപാടെ കണ്ണുകൾ പരത്തിയത് അവളുടെ കൈകളിലായിരുന്നു. പൊതി... സമ്മാനം... അത് എവിടെ എന്നായിരുന്നു നോട്ടം. വെറും കൈയോടെ അവൾ വരില്ലെന്ന വിശ്വാസം. പ്രതീക്ഷയുടെ മൂർദ്ധന്യത്തിൽ അവൾ ആ വലിയ സമ്മാനപൊതിയെടുത്ത് മുന്നിൽ വച്ചു. അത്ര ആകർഷകമല്ലാത്ത ഒന്ന്. എന്റെ കൈയിൽ തരാതെ അവൾ തന്നെ അത് പയ്യെ തുറക്കാൻ തുടങ്ങി. ഓരോ ചുറ്റൽ അഴിക്കുമ്പോഴും എന്റെ മുഖം തുടുത്തു. ചെറിയ ചിരി വിടർന്നു. നാളുകളായി മങ്ങിയ മനസ്സിൽ, അങ്ങിങ്ങായി സൂര്യോദങ്ങൾ. അവസാന പാളി അഴിക്കുമ്പോളെന്റെ കണ്ണുകൾക്ക് പകരം വൈരക്കല്ലുകൾ വച്ചതുപോലെയാണ് ഇരുന്നത്. കൗതുകത്തിന്റെ, ആവേശത്തിന്റെ തിളക്കം. ആ പൊതി തുറന്ന് കണ്ട എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനെ ആയില്ല. ആയിരം പൂർണ്ണചന്ദ്രന്മാർ ഒരുമിച്ച് ഉദിച്ച തിളക്കമായിരുന്നു അതിന്. ഒരിക്കൽ എന്റെ കൈയിൽനിന്ന് എവിടെയോ കളഞ്ഞ് പോയ ഞാനായിരുന്നു അത്. ആശ്ചര്യപ്പെട്ട് ഞാൻ നിന്നു. തീർത്തും മറന്ന് വച്ച എന്നെത്തന്നെ എനിക്ക് സമ്മാനമായി നൽകിയ ശേഷം അവൾ പയ്യെ നടന്ന് നീങ്ങി. നന്ദി വാക്കുകൾക്കോ ആശ്ലേഷങ്ങൾക്കൊ അവിടെ സ്ഥാനമില്ലെന്ന രീതിയിലുള്ള അവളുടെ നടത്തം.
അവൾ പോയ ശേഷം വളരെ പതുക്കെയാണെനിക്കത് മനസ്സിലായത്. എന്നിലെ തന്നെ ഓരോ മൂടികളാണ് അവൾ ആ പൊതി അഴിച്ചപ്പോൾ തുറന്നതെന്ന്. തുറന്ന് തുറന്ന് അവസാനം മറയായിരുന്ന പാളികൾ മാറിയപ്പോൾ സ്വയം മറന്ന് പോയ "ഞാൻ" തെളിയുകയായിരുന്നു. എന്നാൽ അപ്പോഴേക്കും നടന്ന് നീങ്ങിയ അവളുടെ രൂപം കാണാൻ പറ്റാത്ത വിധം എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു, ആ തിളക്കം മായാതെ.
~ജയ്ക്കൂ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ