ആ രാത്രിക്ക് ചോരയുടെ മണമായിരുന്നു. ഇരുണ്ട നിലാവെളിച്ചത്തിൽ അയാൾ കത്തിയിലെ ചോര തന്റെ മുണ്ടിൽ തുടച്ചു. പക നിറഞ്ഞ് തീക്ഷ്ണമായതോ നിസ്സഹായത കൊണ്ട് വാടിയതോ അല്ല, മറിച്ച് സ്നേഹത്തിനാൽ നിറഞ്ഞ് തുളുമ്പിയ കണ്ണുകൾ. അയാളുടെ നിശ്വാസത്തിൽ കാലങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചതിന്റെ ഒരു സംതൃപ്തി നിറഞ്ഞിരുന്നു. ആ ഇടുങ്ങിയ ഇടനാഴിയിൽ നിലാവ് കാണിച്ച വഴിയിലൂടെ അയാൾ നടന്ന് നീങ്ങി. മനസ്സിൽ എന്തോ നിശ്ചയിച്ചുറപ്പിച്ചുള്ള ആ നടത്തമവസാനിച്ചത് ഒരരയാലിന്റെ കീഴിലായിരുന്നു. ചോരക്കറ നിറഞ്ഞ ആ വേഷത്തിൽ അയാളാ ആൽത്തറയിൽ ആകാശം നോക്കി കിടന്നു. ആരെയോ പ്രതീക്ഷിച്ചുള്ള ഒരു കിടപ്പ്.
പതിനാല് ദിവസങ്ങൾക്ക് മുൻപാണ് അയാളെ ഞാൻ ആദ്യമായി കാണുന്നത്. അതും കോൺസ്റ്റബിളായി ജയിലിലെത്തിയ എന്റെ ആദ്യ ദിനത്തിൽ തന്നെ. എല്ലാവരും വളരെ വത്യസ്തനായി കാണുന്ന, എല്ലാവരാലും മാറ്റി നിർത്തപ്പെടുന്ന, രഘുവെന്ന് വിളിപ്പേരുള്ള രഘുറാം. അയാളാരാണെന്ന് അറിയുവാനുള്ള ആകാംക്ഷ അന്ന് തൊട്ടേ എന്റെയുള്ളിൽ മുളപൊട്ടിയിരുന്നു. ചുറ്റുമുള്ളവർ അയാളിൽനിന്നും അകലം പാലിക്കുന്നത് കണ്ടതിനാലാകാം എൻ്റെയുള്ളിലെവിടെയോ ഭയം നിറഞ്ഞിരുന്നു. ആരാണയാൾ? ആ ചോദ്യവുമായി ഞാൻ ചെന്ന് കണ്ട ഓരോരുത്തരും അയാളുടെ ഓരോ മുഖമാണ് എന്റെ മുന്നിൽ തുറന്നത്. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ക്രൂരനായ കൊലയാളി എന്നതിൽ തുടങ്ങി ജയിലിലെത്തി ഒരുറുമ്പിനെപോലും നോവിക്കാത്ത പാവം എന്ന് വരെ. മാസങ്ങൾക്ക് ശേഷം കഴുമരത്തിലേക്ക് പോകേണ്ട ഒരാളാണതെന്ന വിവരം സൂപ്രണ്ട് സാറാണെന്നോട് പറഞ്ഞത്. അതറിഞ്ഞതോടെ എന്റെ കണ്ണുകൾ പിന്നീട് പരതിയത് അയാളെ മാത്രമായി. അധികമാരുമായി സംസാരിക്കാത്ത പ്രകൃതം. അധികമെന്നല്ല, സംസാരമില്ല. ആ ജയിലിലെ ഏറ്റവും അനുസരണയുള്ള കുറ്റവാളി. ഒരുനോട്ടംകൊണ്ട് പോലും അവിടെയാരെയും അയാൾ നോവിച്ചില്ല. ഇയാൾക്കെങ്ങിനെ ഇത്രയും ക്രൂരമായ രണ്ട് കൊലകൾ ചെയ്യാനാകും?
നേരിട്ടയാളോട് സംസാരിച്ചാൽ ഒന്നും അറിയാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പായതിനാൽ വീണ്ടും സൂപ്രണ്ട് സാറിനെ തന്നെ ചെന്ന് കണ്ടു. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ രണ്ടുപേരെ നടുറോഡിൽ ഇട്ട് വെട്ടി കൊലപ്പെടുത്തിയ ആൾ അഥവാ കോടതിയിൽ അതിനെതിരെ തെളിയിക്കാൻ കാരണങ്ങളൊന്നും കൊടുക്കാൻ കൂട്ടാക്കാത്ത ആൾ. രക്ഷപ്പെടണമെന്ന ഒരാഗ്രഹവുമില്ലാത്ത അയാളെ ഒരത്ഭുതമായാണ് എനിക്ക് കാണാൻ കഴിഞ്ഞത്. കുടുംബമായി അയാൾക്ക് ഒരു മകളുണ്ടെന്ന് കേട്ടു. ഏതോ ബന്ധുവിന്റെ കൂടെയാണെന്നാണ് അറിവ്. ഇന്നേ വരെ അവർ ജയിലിൽ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അയാളെ പറ്റിയുള്ള എന്റെ ചോദ്യങ്ങൾ സൂപ്രണ്ട് സാറിനെ അലട്ടിയിരുന്നോ? ആ സംശയം സംശയമായിത്തന്നെ നിന്നു. എന്നാലും രഘു എന്ന ആ നിഴൽ എന്നെ വിട്ട് മായുന്നേയില്ല.
രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ആ സംഭവം നടന്നത്. ജയിലിലുള്ള ചെടികൾ പോലും വിറച്ച് പോയ ദിനം. സമയം രാവിലെ പതിനൊന്നര കഴിഞ്ഞിരുന്നു. അന്നാദ്യമായി അയാളുടെ പേരിൽ ഒരു കത്ത് വന്നു. തികച്ചും നിർവികാരനായി ആ കത്ത് വാങ്ങിയ ശേഷം അയാൾ നടന്ന് നീങ്ങി. നിമിഷങ്ങൾക്കകം ഇടനാഴികൾ വിറയ്ക്കുമാറ് ഒരു വലിയ ശബ്ദത്തിൽ അയാൾ അലറി. ഭിത്തിയിൽ ചാരി നിൽക്കുന്ന ആ ശരീരത്തിന് അനക്കമുണ്ടോ എന്ന് കാണുന്നവർ പോലുമൊന്ന് ചിന്തിച്ച് പോയി. മറ്റാരെങ്കിലും അടുത്തെത്തുന്നതിന് മുന്നേ അയാൾ വീണ്ടും പഴയത് പോലെയായി മാറിയിരുന്നു. വീണ്ടും ആ മുഖത്ത് ആകാശം നടുക്കുന്ന നിർവികാരത. അന്നേ ദിവസം തന്റെ സെല്ലിലെ ഇരുട്ടിൽ തന്നെ അയാൾ കഴിച്ച് കൂട്ടി. പിറ്റേന്ന് രാവിലെയും അയാൾ ശോകമൂകമായിരുന്നു. എന്നാൽ വൈകുന്നേരമായപ്പോൾ അയാളുടെ മുഖം മാറിയിരുന്നു. തെളിഞ്ഞു. സങ്കടമാണോ സന്തോഷമാണോ ദേഷ്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു പ്രത്യേക വികാരം. അന്ന് പതിവിലും നേരത്തെ അയാൾ നിദ്രയിലേക്കാണ്ടു. പിറ്റേന്ന് പുലർച്ചെ സെല്ലിലെത്തിയ ഓഫീസർ ഞെട്ടി. സെല്ലിൽ താഴുമില്ല ആളുമില്ല. ദിവസങ്ങൾക്ക് ശേഷം തൂക്കിക്കൊല്ലേണ്ട പ്രതി. എന്ത് സംഭവിച്ചെന്ന് ആർക്കുമറിയില്ല. നാടുനീളെ തിരച്ചിലായി.
ആ തിരച്ചിലിനിടയിലാണ് ഞാൻ ദാസിനെ പരിചയപ്പെടുന്നത്. രഘുവിന്റെ ഒരു പഴയ ചങ്ങാതി. രഘുവിനെ പറ്റിയറിയുവാൻ വേണ്ടി തിരഞ്ഞ കേസ് ഫയലുകളിലെങ്ങും തന്നെ ഈ പേര് പരാമർശിക്കുന്നതായി ഞാൻ ശ്രദ്ധിച്ചില്ല. തിരച്ചിലിനിടയിലെ സംസാരങ്ങൾക്കിടയിൽ നാട്ടുകാരിൽ നിന്ന് വീണ് കിട്ടിയ ഒരു പേരായിരുന്നു ഈ ദാസിന്റേത്. ദാസിന്റെ വാക്കുകളിൽ നിന്നാണ് എനിക്ക് രഘുവിന്റെ ഒരു പൂർണ്ണ രൂപം ലഭിച്ചത്.
രഘുറാം. നാട്ടിൽ സ്വന്തമായി ഒരു പലചരക്ക് കട നടത്തിവരുന്ന ഒരു സാധാരണക്കാരൻ. മകൾ ജനിച്ചതോടെ അയാളുടെ ഭാര്യ മരിച്ച് പോയിരുന്നു. വീട്ടിൽ കൂട്ടിന് അയാളുടെ അമ്മയുണ്ടായിരുന്നു. താൻ ജീവനെ പോലെ സ്നേഹിച്ച തന്റെ ഭാര്യ മരിച്ചെന്ന സത്യം അയാൾക്ക് ഉൾക്കൊള്ളുവാൻ നാളുകളെടുത്തു. എന്നാൽ അതിലും കൂടുതൽ അയാളെ അലട്ടിയത് മറ്റൊന്നായിരുന്നു. തന്റെ മകൾ. അവൾക്ക് കുഞ്ഞിലേ മുതൽ ചെറിയ ബുദ്ധിഭ്രമമുണ്ടെന്ന് അയാൾ പതിയെയാണ് മനസ്സിലാക്കിയത്. ഇതയാളെ തളർത്തിയെങ്കിലും, തന്റെ ഒരു പാതിപോലെ അയാൾ അവളെ നോക്കി. തന്റെ അമ്മയുടെ ഒപ്പം ഒരു സ്ത്രീയെ കൂടെ അയാൾ വീട്ടിൽ നിർത്തി, അവളെ നോക്കാൻ മാത്രം. അവളോട് തന്റെ അമ്മ പോലും ദേഷ്യപ്പെടുന്നത് അയാൾക്ക് സഹിച്ചില്ല.
ചില ദിവസങ്ങളിൽ അവളെ അയാൾ കൂടെ കടയിലേക്ക് കൂട്ടി. ഒരിക്കൽ, രഘുവിന്റെ കടയിലെ പതിവുകാരും സുഹൃത്തുക്കളുമായ രണ്ട് പേർ, രഘു പുറത്ത് പോയ സമയത്ത് അവളെ ബലമായി പിടിച്ച് കൊണ്ടുപോകാൻ ശ്രമിക്കുകയുണ്ടായി. ഞായറാഴച്ചയായതിനാൽ നിരത്തിൽ തിരക്കുണ്ടായിരുന്നില്ല. ആളനക്കമില്ലാത്തതിനാൽ ആരുമില്ലെന്ന് അവർ ഉറച്ച് വിശ്വസിച്ചു. ഈ ദൃശ്യം കണ്ട് വരുന്ന രഘുവിന്റെ പ്രതികരണത്തിന്റെ ബാക്കിപത്രമായിരുന്നു അയാളുടെ ജയിൽവാസം. ലോകം ഇത്രയും മോശമാണോയെന്ന് തോന്നിപ്പോകുന്ന ഒരു സംഭവത്തിനോടുള്ള അയാളുടെ പ്രതികരണം. രഘുവിന്റെ തന്നെ നിർദ്ദേശപ്രകാരമാണ് ദാസ് കോടതിയിൽ ചെല്ലാതിരുന്നത്. തന്റെ തെറ്റിനുള്ള ശിക്ഷ സ്വയം വിധിക്കുകയായിരുന്നു അയാൾ. മകളെ അമ്മയുടെയും സഹായിയുടെയും കൈകളിൽ ഭദ്രമായി ഏൽപ്പിച്ചിട്ടാണ് അയാൾ ജയിലിലേക്ക് നീങ്ങിയത്.
രഘുവിന്റെ അമ്മ മരിച്ചെന്ന വാർത്ത രണ്ടു ദിവസം മുന്നേ കേട്ടിരുന്നെന്നാണ് ദാസ് പറഞ്ഞത്. എന്നാൽ അവരുടെ പുതിയ താമസ സ്ഥലം അയാൾക്കും അന്യമായിരുന്നു. അമ്മകൂടെ മരിച്ച സ്ഥിതിക്ക് അയാൾ തന്റെ മകളെ കാണാൻ വേണ്ടി മാത്രമാണ് വന്നതെന്ന് എനിക്ക് മനസ്സിലായി. മകളെയും കൂട്ടി രക്ഷപ്പെടാമെന്ന മോഹം. എന്റെ ഉള്ളിൽ എവിടെയോ ഒരു അനുകമ്പ ഒളിഞ്ഞ് കിടന്നിരുന്നത് വീണ്ടും ഉണർന്നെന്ന് തോന്നി. എങ്കിലും...... ഒരു കുറ്റവാളിയല്ലേ. ചിന്തയിൽ മുഴുകിയ എന്നെ സ്വബോധത്തിലേക്ക് എത്തിച്ചത് ആ ഫോൺ വിളി ആയിരുന്നു. അടുത്തുള്ള സ്റ്റേഷനിൽ നിന്ന് ആണ്. നാട്ടിലെ ആ വലിയ അരയാലിന്റെ കീഴിൽ അയാളുണ്ടെന്ന്. സർവ്വ സന്നാഹങ്ങളുമായി നാല് ജീപ്പുകളാണ് അവിടേക്ക് ചെന്നത്, ഒന്നിൽ ഞാനും.
സൂപ്രണ്ട് സാറുൾപ്പടെ എല്ലാവരും ആ ദൃശ്യം കണ്ടോന്ന് ഞെട്ടി. എന്താണ് സംഭവിച്ചതെന്ന് ആർക്കും ഒരെത്തും പിടിയും കിട്ടുന്നില്ല. ചോരക്കറ നിറഞ്ഞ ആ വസ്ത്രവും അരികിൽ കത്തിയുമായി രഘു ആ ആൽത്തറയിൽ കിടക്കുന്നു. ശ്വാസോഛ്വാസമുള്ളതിനാൽ ജീവനുണ്ടെന്ന് മനസ്സിലായി. ഒരു ചെന്നായയെ പിടിക്കാൻ ചെല്ലുന്ന ആട്ടിൻ പറ്റത്തെപോലെ ഭയന്ന് വിറച്ച് പോലീസുകാർ അയാളുടെ അടുത്തേക്ക് നീങ്ങി. വളരെ ശ്രദ്ധിച്ചാണ് അവർ നീങ്ങിയതെങ്കിലും ബൂട്ടിന്റെ അടിയിൽ ഞെരുങ്ങിയ ഉണങ്ങിയ ഇലകൾ രഘുവിനെ വിളിച്ചുണർത്തി. അയാൾ കണ്ണ് തുറന്നതും, മുഴുവൻ പോലീസുകാരും പറ്റാവുന്നത്ര വേഗത്തിൽ അയാളെ വലിഞ്ഞ് മുറുകി. ഒരു മാടിനെ കൊണ്ടുപോകുന്ന ലാഘവത്തിൽ രഘുവിനെ അവർ പൂട്ടി. രഘു നിന്ന് കൊടുത്തു എന്ന് വേണം കരുതാൻ. തുടർന്നുള്ള ചോദ്യം ചെയ്യലുകൾ വളരെ ക്രൂരമായിരുന്നു. അതിശയമെന്തെന്നാൽ എത്രയേറെ വേദനിച്ചാലും അയാളുടെ മുഖത്തെ ആ പുഞ്ചിരി മായുന്നെ ഇല്ലായിരുന്നു. ലോകം കീഴടക്കിയവന്റെ ചിരി. ഒരുതരം ഉന്മാദാവസ്ഥയിലാണ് അയാളെന്ന് തോന്നി. മണിക്കൂറുകൾ കഴിഞ്ഞിട്ടും അയാളിൽ നിന്ന് ഒന്നും വീണുകിട്ടിയില്ല. രഘു എങ്ങനെ ജയിൽ ചാടി? എന്തിന് ചാടി? ആരുടെ അല്ലെങ്കിൽ എന്തിൻ്റെ ചോരയാണത് തുടങ്ങിയ ഒരു ചോദ്യത്തിനുമുള്ള ഉത്തരം ലഭിച്ചില്ല. മാത്രവുമല്ല അയാളുടെ മനോനില താളം തെറ്റിയ നിലയിലാണെന്ന് ആ ചോദ്യംചെയ്ത പലർക്കും തോന്നുകയും ചെയ്തു.
ഒരവസാന ശ്രമമെന്ന രീതിയിൽ ദാസിനെ അയാളുടെ മുന്നിലേക്കിട്ട് കൊടുത്തു. ദാസിനെ കണ്ടതോടെ രഘുവിന്റെ മുഖം മാറി. ചിരി പതുക്കെ കരച്ചിലായി മാറുന്നത് ഞങ്ങൾ കണ്ടു. "എടാ........എടാ......ഇനി ഞാൻ ഇല്ല.!!". ഈ വാക്കുകൾ പലതവണ ദാസിനോട് അയാൾ ഉരുവിട്ടു. കണ്ടുനിന്ന ഞങ്ങൾക്കോ ദാസിനോ ഒന്നും മനസ്സിലായില്ല. അമ്മയുടെ വിയോഗത്തെ പറ്റിയാണോ അയാളീ സംസാരിക്കുന്നത് എന്ന് തോന്നിയെങ്കിലും ദാസത് സമ്മതിച്ചില്ല. അമ്മയെ പറ്റിയല്ലെന്ന മട്ടിൽ അയാൾ തലകുലുക്കി. ദാസ് വീണ്ടുമോരൊന്ന് ചോദിച്ചപ്പോൾ രഘു ഒന്നും മിണ്ടാതെ ചുറ്റും നിന്ന പോലീസുകാരുടെ മുഖത്തേക്ക് മാറി മാറി നോക്കുക മാത്രം ചെയ്തു. നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അയാൾ ദാസിനെ മുഖമനക്കിക്കൊണ്ട് അടുത്തേക്ക് വിളിച്ചു. രഘു എന്തൊക്കെയോ ദാസിന്റെ ചെവിയിലോതി. ഏകദേശം കാൽ മണിക്കൂറിന് മുകളിലുണ്ടായിരുന്ന ആ സംഭാഷണം ചുറ്റുമുള്ള ആർക്കും കേൾക്കുവാൻ പറ്റാത്ത വിധം പതുക്കെയായിരുന്നു. ഓരോ നിമിഷം കഴിയുന്തോറും ദാസിന്റെ മുഖത്ത് അതിശയവും സങ്കടവും ഒരുമിച്ചാണ് വന്നത്. രഘുവിന്റെ ഒരു വലിയ ചിരിയോടെയാണാ സംഭാഷണം നിലച്ചത്. നിമിഷങ്ങളോളം ആ മുറിയിൽ രഘുവിൻ്റെ ചിരി അലയടിച്ചുകൊണ്ടിരുന്നു. രണ്ടുപേരുടെയും കണ്ണുകൾ കലങ്ങിയതായും ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. ചുറ്റും നിന്നിരുന്ന എല്ലാ പോലീസുകാരുടെ കണ്ണുകളിലും സത്യമറിയുവാനുള്ള ഒരു വെമ്പൽ കാണാമായിരുന്നു.
നിറകണ്ണുകളോടെ വന്ന ദാസിന്റെ നേരെ വെടിയുണ്ടപോലെ എല്ലാ കണ്ണുകളും പാഞ്ഞു. എവിടെ പറഞ്ഞ് തുടങ്ങണമെന്ന് അറിയാതെ, വാക്കുകൾ കിട്ടാതെ ദാസ് അവിടെ ഒരു പ്രതിമ കണക്കെ നിന്നു. "അവനെങ്ങനാ ചാടിയെ?" നിശബ്ദത ഭേദിച്ച് സൂപ്രണ്ട് സാറിന്റെ ചോദ്യം. ആ ചോര..? എന്റെ ആധി മുഴുവൻ അതായിരുന്നു. ദാസ് പതിയെ അടുത്തുള്ള ഒരു സ്റ്റൂളിൽ ഇരുന്നു. "സാർ...കുറച്ച് വെള്ളം..... തരുമോ? ദാസിൻറെ ശബ്ദം ഇടറുന്നുണ്ടായി. വെള്ളം കുടിച്ച ശേഷം അയാൾ തലയുയർത്തി ഞങ്ങളെ ഓരോരുത്തരെ മാറി മാറി നോക്കി. "താൻ കാര്യം പറയുന്നുണ്ടോ!" സൂപ്രണ്ടിന്റെ ശബ്ദം കൂടുതൽ കടുത്തു തുടങ്ങിയിരുന്നു. "അവൻ ചാടിയത് എങ്ങനെ ആണെന്ന് പറഞ്ഞില്ല സാർ....പക്ഷെ ചാടിയത് കൊല്ലാൻ വേണ്ടി തന്നെയാ...".
ദാസിന്റെ കണ്ണുകൾ ചുവന്നുകലങ്ങുന്നത് ഞങ്ങൾ എല്ലാവരേയും കൂടുതൽ ആകാംഷാഭരിതരാക്കുന്ന ഒന്നായിരുന്നു.
ആരെ? ആരെ കൊല്ലാനാ? അന്ന് അറിയാതെ പോയ ആരെങ്കിലും ബാക്കി ഉണ്ടോ? എൻ്റെ മനസ്സിൽ ഭയവും ദേഷ്യവും എല്ലാം ഒരുമിച്ച് വന്നു.
സാർ....അയാൽ സായിയെ കൊല്ലുവാൻ വേണ്ടി ചാടിയതാണ്!
സായിയോ? ആ പേര് എവിടെയോ കേട്ടിട്ടുണ്ടല്ലോ... സംശയത്തോടെ സൂപ്രണ്ട് സാറിൻ്റെ മുഖത്തെക്ക് നോക്കിയപ്പോൾ അത്ഭുതവും ഭയവും നിറഞ്ഞ് നിൽക്കുന്ന ഒരു രൂപമാണ് ഞാൻ കണ്ടത്.
സാർ... ആരാണത്?
ആരും ഉത്തരം തരുന്നില്ല....ദാസിൻ്റെ തല കുറേ നേരമായി താഴ്ന്ന് തന്നെ ഇരിക്കുകയാണ്. രഘു അപ്പോഴും ഒരു ഉന്മാദാവസ്ഥയിൽ തന്നെയാണ്.
"അതയാളുടെ മകളാണ്...!" നിശബ്ദത ഭേദിച്ച് ഇടറിയ ശബ്ദത്തിൽ ദാസ് പൊട്ടി പൊളിഞ്ഞ ആ സിമൻ്റ് തറയിലേക്ക് തന്നെ നോക്കിക്കൊണ്ട് പറഞ്ഞു.
ആരും ഒന്നും മിണ്ടുന്നില്ല...
ഉള്ളിലെ വിങ്ങൽ അടക്കികൊണ്ട്, രഘു പറഞ്ഞ കാര്യങ്ങൾ ദാസ് ഞങ്ങളോട് പറഞ്ഞു.
ആ രാത്രി ഏറെ വൈകിയ ശേഷമാണ് അയാൾ ആരുമറിയാതെ ജയിൽ ചാടിയത്. അവിടുന്ന് തൻ്റെ പൂട്ടിക്കിടന്ന കടയിലെത്തിയ രഘു, ഒരു പുതിയ വേഷവും പൊതിയും എടുത്ത്, തികഞ്ഞ നിശ്ചയദാർഢ്യത്തോടെ തൻ്റെ വീട്ടിലേക്ക് നടന്നു. വീട്ടിൽ ഉണ്ടായിരുന്ന സഹായിയെ മയക്കിയ ശേഷം അയാൾ തൻ്റെ സായിയുടെ അടുക്കലേക്ക് ചെന്നു. ഒരു മെഴുകുതിരി കത്തിച്ച ശേഷം പതിയെ അവളുടെ കട്ടിലിൻ്റെ ചോട്ടിലിരുന്നു. "മോളെ സായി....." നേർത്ത ശബ്ദത്തിൽ, നിശബ്ദത ഭേദിക്കാതെ അയാൾ വിളിച്ചു. കണ്ണ് തുറന്ന സായി അയാളെ നോക്കി ചിരിച്ചു. ഉറക്കച്ചടവ് നിറഞ്ഞ അവളുടെ കണ്ണുകൾ അയാളെ കണ്ടപ്പോൾ വൈരക്കല്ലുകൾ പോലെ തിളങ്ങി. ഒരക്ഷരം പോലും മിണ്ടാതെ അവർ നിമിഷങ്ങളോളം കണ്ണിൽ നോക്കിയിരുന്നു. ആ നിശബ്ദത ഭേദിച്ചത് അവളായിരുന്നു. സായി.
"വിശക്കുന്നപ്പാ..നിക്ക്!!"
അയാൾ ചുറ്റിലും ഒന്ന് നോക്കി. പയ്യെ അടുക്കളയിലേക്ക് നടന്നു. ഇരുട്ടിൽ അടുക്കളയിലെ ഓരോ പാത്രങ്ങളും പരതി. ആകെ കിട്ടിയ ഒരു വാളം ചോറും, ചമ്മന്തിയും ഒരു പാത്രത്തിലേക്ക് ധൃതിയിൽ വാരി കൂട്ടി, അയാൾ സായിയുടെ അടുത്തേക്ക് വേഗത്തിൽ നടന്നു, കട്ടിലിൽ നേരത്തെ ഇരുന്ന അതെ സ്ഥലത്ത് ഇരിപ്പുറപ്പിച്ചു. മൂളിപ്പാട്ടിൻ്റെ അകമ്പടിയോടെ ഓരോ ഉരുളയായി അവൾ അത് മുഴുവൻ കഴിച്ചു. ചോറ് മുഴുവൻ ഉണ്ട് നിറഞ്ഞ ചിരിയോടെ അവൾ വെള്ളം കുടിക്കുമ്പോഴും അയാളുടെ മുഖത്ത് ഭാവഭേദം ഒന്നും ഉണ്ടായില്ല.
അപ്പോഴേക്കും സായിയുടെ കണ്ണുകൾ വീണ്ടും ഉറക്കത്തിലേക്ക് വീണ് തുടങ്ങിയിരുന്നു. മയങ്ങി വീഴുന്ന അവളെ പതിയെ കൊട്ടി ഉറക്കിയ അയാൽ അവളുടെ കൂടെ കിടന്നു. ആ മുഖത്തേക്ക് നോക്കി കണ്ണുകൾ അടയ്ക്കാതെ അവളെ തലോടികൊണ്ട് അയാൾ പയ്യെ മയങ്ങി. മയക്കത്തിലേക്ക് വീണ് തുടങ്ങിയ അയാളുടെ കൈ പെട്ടെന്ന് അവളുടെ മേൽകയ്യിലെ ഉണങ്ങി തുടങ്ങിയ ഒരു മുറിവിൽ കൊണ്ടു. അവളുടെ ഞെരുക്കം പാതി മയക്കത്തിൽ നിന്ന് അയാളെ വലിച്ചെഴുന്നേൽപ്പിച്ചു. മുഴുവനായി ഉണങ്ങാത്ത തൻ്റെ പഴയ മുറിവുകളിൽ നിന്നെല്ലാം ചോര ചീന്തുന്നത് പോലെ അയാൾക്ക് തോന്നി. കണ്ണ് നിറഞ്ഞ് കവിഞ്ഞു.
പെട്ടെന്ന് എന്തോ ഓർമ്മ വന്നത് പോലെ അയാൾ ചാടി എഴുന്നേറ്റു. മടിക്കുത്തിൽ പൊതിഞ്ഞ് വച്ച ആ പൊതി അയാൾ പുറത്തെടുത്തു. കെട്ടഴിച്ച് അയാളാ കത്തി വെളിച്ചത്തേക്ക് വച്ച് നോക്കി.
സായിയുടെ അടുത്തേക്ക് അയാൾ ചേർന്നിരുന്നു. ഉന്മാദം നിറഞ്ഞ അയാളുടെ കണ്ണുകൾ ആ മെഴുകുതിരി വെളിച്ചത്തിൽ ജ്വാല പോലെ തിളങ്ങി. അവളുടെ കയ്യിലെ ആ മുറിവിൽ തലോടിക്കൊണ്ട് തൻ്റെ കത്തി രഘു അവളുടെ നെഞ്ചോട് ചേർത്തു.
ചോറിൽ അയാൾ ചേർത്ത ദ്രാവകത്തിൻ്റെ വീര്യതിൽ അവൾ ഒന്നും അറിയാതെ ഉറങ്ങുകയാണ്. ഹൃദയത്തിലേക്ക് പതിയെ ആഴ്ന്നിറങ്ങിയ കത്തിമുന അവളെ നിദ്രയിൽ നിന്ന് ഗാഢനിദ്രയിലേക്ക് യാത്രയാക്കി.
ചോരക്കറ പറ്റിയ ആ കത്തിയും പിടിച്ച് കട്ടിലിൻ്റെ അരികെ അയാളിരുന്നു. നേരത്തെ പാടിയ മൂളിപ്പാട്ട് വീണ്ടും വീണ്ടും പാടി മണിക്കൂറുകളോളം അവിടെ അയാൾ കഴിച്ചുകൂട്ടി. സമയം ഏകദേശം രണ്ടുമണി കഴിഞ്ഞു. ആ സിമൻ്റ് തറയുടെ തണുപ്പിൽ മരവിച്ച കാലുകളെ അയാൽ ഏറെ പ്രയാസപ്പെട്ട് ഉയർത്തി. മരവിച്ചിരിക്കുകയാണ്. മനസ്സ് പോലെ.
നിർജീവമായ സായിയുടെ മുഖത്തേക്ക് ഒരു ചെറുപുഞ്ചിരിയോടെ നോക്കി നിന്ന അയാൾ, ഒരു നെടുവീർപ്പിട്ടുകൊണ്ട് വാതിൽ ലക്ഷ്യമാക്കി നടന്നു.
പെട്ടെന്ന് എന്തോ ഓർമ്മ വന്നത് പോലെ അയാൾ തിരിച്ച് അകത്തേക്ക് നടന്നു. സായിയെ അവളുടെ പുതപ്പിട്ടു പുതപ്പിച്ച്, ആ മെഴുകുതിരി ഊതി കെടുത്തിയ ശേഷം അയാൾ തിരിച്ചുള്ള യാത്ര തുടർന്നു.
ഇത് മുഴുവൻ കേട്ട ശേഷം ഞങ്ങൾ നോക്കുമ്പോഴും, താൻ ചെയ്തതിൻ്റെ ഒരു പാശ്ചതാപവും അയാളുടെ കണ്ണുകളിൽ ഉണ്ടായിരുന്നില്ല. അയാളുടെ മുന്നിൽ അതൊരു ശരി മാത്രമായിരുന്നു. ഒരേ ഒരു ശരി. ആരുമില്ലാതെ സായിയെ ഈ ക്രൂര ലോകത്ത് ഒറ്റക്കാക്കി മരണത്തിന് കീഴടങ്ങാൻ രഘു തയ്യാറായിരുന്നില്ല.
ഉച്ചഭക്ഷണത്തിനുള്ള ജയിലിലെ ബെല്ലോരു മരണമണി പോലെ മുഴങ്ങിയപ്പോഴും ചുണ്ടിലെ പുഞ്ചിരി മായാതെ, മുറിയിലെ പാതി തുറന്ന് കിടന്ന ആ ജനലിലൂടെ അയാൾ പുറത്തേക്ക് നോക്കുകയാണ്. അവിടെ അയാൾക്ക് ആ കെട്ടിടം കാണാം. തൻ്റെ അവസാന നിമിഷങ്ങൾക്ക് സാക്ഷിയാവേണ്ട ആ കെട്ടിടം.
ഞെട്ടൽ മാറാത്ത ഒരു പറ്റം പൊലീസുകാർക്കിടയിൽ മുഴങ്ങി കേട്ട രഘുവിൻ്റെ ചിരി... ആ ചിരി, ചോരയുടെ ഗന്ധത്തിനൊപ്പം ആ ഇടനാഴികളിൽ പ്രതിധ്വനിച്ചുകൊണ്ടേയിരുന്നു...
~ജയ്ക്കൂ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ