കിടക്കാറായി. ഉറക്കം വരുന്നില്ല. ഞാൻ മെല്ലെ ജനലരികിൽ വന്ന് മുകളിലേക്ക് നോക്കി. പ്രകാശത്തിന്റെ ഒരു കണിക പോലുമില്ലാതെ ഏകാന്തമായ ഇരുണ്ട ആകാശം. പെട്ടെന്നൊരു മോഹം. ചാടിയിറങ്ങി മുറ്റത്തേക്ക്. പയ്യെ അവിടുത്തെ പുൽത്തകിടിയിൽ ആകാശം നോക്കി കിടന്നു. ആകാശം മുഴുവൻ കൈപ്പിടിയിലാവുന്ന ദിവാസ്വപ്നവുമായി, ഓർമ്മകളിലൂടെ പരതി പയ്യെ മയങ്ങി തുടങ്ങുമ്പോൾ പെട്ടെന്ന് എന്തോ പൊട്ടുന്ന ശബ്ദം. ഞെട്ടി എഴുന്നേറ്റു. ചുറ്റിലും നോക്കി. ആരുമില്ല, ഒന്നുമില്ല. തോന്നിയതാകാം എന്ന ചിന്തയിലും, ഉറക്കം പോയ ദേഷ്യത്തിലും ലേശം മുഷിപ്പോടെ വീണ്ടും കിടന്നു. ഒന്ന് മയങ്ങി വരുന്നതിന് മുന്നേ വീണ്ടും ശബ്ദം. പഴയതിലും കനപ്പെട്ട ശബ്ദമായിരുന്നു. കണ്ണ് തുറന്ന് നോക്കിയപ്പോൾ എന്തോ ഒന്ന് താഴേക്ക് വരുന്നു. ഉറക്കച്ചടവിന് മേൽ ആകാംക്ഷ ഉള്ളതിനാൽ ഓടി, അതിനടുത്തേക്ക്. ചെന്ന് നോക്കിയപ്പോൾ സ്തംഭിച്ച് പോയി. അതാ കിടക്കുന്നു ആകാശത്തിന്റെ ഒരു കഷ്ണം. അത് പയ്യെ കയ്യിലെടുത്തു. ചുറ്റിലും നോക്കി ആരും കണ്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഓടി വീടിനുള്ളിൽ കയറി. ആകാശത്തിന്റെ ഒരു കഷ്ണം, എന്റെ കൈയിൽ. എന്റെ ആകാശം. ലേശം അഹങ്കാരത്തോടെ അതിലേക്ക് തന്നെ നോക്കിനിന്നു. ആർക്കും കിട്ടാത്ത അമൂല്യമായ ഒന്ന്. ആകാശം. തന്റെ കൈപ്പിടിയിൽ. ജനലരികിൽ നിന്ന് വീണ്ടും ഒന്നൂടെ മുകളിലേക്ക് നോക്കി. ഉവ്വ് ഒരു വിടവ് അവിടെ ഉണ്ട്. ആകാശത്തിൽ ഒരു വിടവ്.
പിന്നീട് ചിന്തകളുടെ പ്രളയമായിരുന്നു. ഇതെങ്ങനെ സംഭവിച്ചു? ഇനി എന്തൊക്കെ വരും? നാളെ രാവിലെ ആളുകൾ അറിയുമ്പോൾ എന്താകും? ഇങ്ങനെ പലതും എന്നെ അലട്ടി. ഇത് തിരിച്ച് വയ്ക്കണ്ടേ എന്ന ചിന്ത മാത്രം വന്നില്ല. എന്റെ ആകാശമല്ലെ. സ്വല്പം അഹങ്കാരത്തോടെ തന്നെ ചിന്തിച്ചു. തന്റെ ഓർമ്മകളും ചിന്തകളും എല്ലാം അറിയാവുന്ന ആ കഷ്ണം ചേർത്ത് പിടിച്ച് ഞാൻ കിടന്നു.
നേരം വെളുത്തു. കണ്ണ് തുറന്നപ്പോൾ ഒന്ന് ഞെട്ടി. കാണുന്നില്ല. എന്റെ ആകാശം കാണുന്നില്ല. കട്ടിലിൽ നിന്ന് താഴെ ചാടിയിരുന്നു. പേടിച്ച് പോയി. അതും എടുത്ത് പയ്യെ അകത്തേക്ക് പോയി. അമ്മയെ പോലും കാണിക്കാതെ ഒളിച്ച് കൊണ്ട് നടന്നു. അപ്പോഴേക്കും നാട്ടുകാരൊക്കെ അറിഞ്ഞിരുന്നു. "ആകാശത്തിൽ വിള്ളൽ, ഒരു കഷ്ണം ആകാശം കാണുന്നില്ല". അയൽപക്കത്തെ ചേട്ടൻ വന്ന് പറഞ്ഞപ്പോൾ, ഉള്ളിൽ അടക്കിയ ചിരിയോടെ ഞാൻ നടന്ന് നീങ്ങി.
ആകാശം മോഷ്ടിച്ച കള്ളനെ തേടി പൊലീസിറങ്ങിയിട്ടുണ്ട് എന്ന് വൈകിട്ടാണ് ഞാൻ അറിഞ്ഞത്. ഉള്ളിൽ പേടി മുളപൊട്ടി.ആ പേടി അസ്ഥാനത്താക്കികൊണ്ട് വൈകിട്ട് വീട്ടുമുറ്റത്ത് അവർ വന്നു. എന്നെ കൈയോടെ കൂട്ടിക്കൊണ്ടുപോയി.
ആകാശം മോഷ്ടിച്ച എന്നെ കാണുവാൻ ലോകത്തിലെ മുഴുവൻ കണ്ണുകളും ഉണ്ടായിരുന്നു. കോടതിയിൽ എത്തി. എന്റെ ആകാശം കൈയിൽ പിടിച്ച ഞാൻ, കള്ളനായി. "ആകാശം എല്ലാവരുടെയും അല്ലെ" കോടതി ചോദിച്ചു. "ന്നിട്ട് നിങ്ങളുടെ ആകാശമൊക്കെ എവിടെയാ?" കോടതി ഉൾപ്പെടെ എല്ലാവരും മുകളിലേക്ക് കൈ ചൂണ്ടി. "അതാ പറഞ്ഞെ ഈ കൈയിൽ ഉള്ളത് എന്റെ ആണെന്ന്". "എല്ലാവരുടെതിൽ നിന്ന് നിങ്ങൾ മോഷ്ടിച്ചത് ആണല്ലോ അപ്പോൾ"കോടതി. എനിക്ക് ഉത്തരം കിട്ടിയില്ല. മോഷ്ടിച്ചപോലെ തിരികെ വയ്ക്കാമോ? കോടതി ചോദിച്ചു. എങ്ങനെയെന്ന് ഒരറിവുമില്ലേലും സമ്മതിച്ചു. ഒന്ന് രക്ഷപ്പെടണ്ടേ. അവസാനം, പിറ്റേന്ന് നേരം വെളുക്കുന്നതിന് മുന്നേ ആകാശം നേരെയാകാം എന്ന വാക്കിൽ എന്നെ വെറുതെ വിട്ടു.
രാത്രിയായി. പഴയപോലെ പുറത്തേക്ക് ഇറങ്ങി. ആകാശം എങ്ങനെ നേരെയാക്കും. ഒരെത്തും പിടിയുമില്ലാതെ ആകാശത്തിലെ ആ വിള്ളൽ നോക്കി വെറുതെ നിന്നു. മുകളിലേക്ക് ഒന്ന് എറിഞ്ഞ് നോക്കിയാലോ? വേണ്ട, വീണ് പൊട്ടിയാൽ പ്രശ്നമാകും! അവസാനം, രണ്ടും കൽപ്പിച്ച് പിന്നാമ്പുറത്തിരുന്ന കോണിയെടുത്തു. ആകാശം മുട്ടെ വലിപ്പമുള്ള വീട്ടിലെ ആ ആഞ്ഞിലിയിൽ ചാരി. ഏറെ പാട്പെട്ട് വലിഞ്ഞ് കയറി. പശയും ടേപ്പും കൂട്ടി ആ വലിയ ആകാശത്തിലേക്ക് എന്റെ ആകാശവും ചേർത്തു. വിള്ളൽ മാഞ്ഞു, എന്നാൽ ആ പാട് അവിടെ ബാക്കിയായി. ആ വലിയ ആകാശത്തിലും ന്റെ ആകാശം വേറിട്ട് നിന്നു, ഒരിക്കലും ആ വലിയതിന്റെ ഭാഗമാവില്ലെന്ന ദൃഢനിശ്ചയം പോലെ.
~ജയ്ക്കൂ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ