ആ സംഭവത്തിന് ശേഷം ഇന്നേക്ക് മുപ്പത്തിരണ്ടാം ദിനം. ഒരു മാസം കഴിഞ്ഞിരിക്കുന്നു. തിരിച്ച് ഓർത്തു നോക്കുമ്പോൾ ഇതിലൊക്കെ എന്ത് കാര്യമിരിക്കുന്നു എന്ന് തോന്നി. എന്നാലും മുന്നിലേക്ക് ചെല്ലാൻ ഒരു മടി. ഒന്നുമില്ലേലും അച്ഛനോട് അല്ലേ. എന്നാലും വയ്യ! അനാവശ്യമായ പൈസ കളയണോ എന്ന അച്ഛൻ്റെ ഒരു വാക്കിൻ്റെ പുറത്ത് തുടങ്ങിയ മൗനം ഇന്നിപ്പോ മുപ്പത്തിഒന്ന് രാത്രികൾക്ക് ശേഷവും വിടാതെ
കൂടിയിരിക്കുന്നു.
മിണ്ടണം. മിണ്ടാതെ വയ്യ. എത്രനാൾ ഇങ്ങനെ പോകും. പോരാത്തതിന് മറ്റന്നാൾ അച്ഛൻ്റെ പിറന്നാൽ കൂടിയാണ്. 65ലേക്ക് ഇനി രണ്ട് ദിനം കൂടി. തമ്മിൽ കണ്ട് തുടങ്ങിയിട്ട് മുപ്പത്തിരണ്ട് വർഷങ്ങളായി.
ഹൊ, മുപ്പത്തിരണ്ട് വർഷമോ! അച്ഛൻ്റെ കൂടെ സ്കൂളിലേക്ക് ഇന്നലെ പോയ പോലെ ഉണ്ടല്ലോ!
ഇല്ല ഉറങ്ങാൻ വയ്യ....ഉറക്കം വരുന്നില്ല. എങ്ങനെ മിണ്ടും. എങ്ങനെ തുടങ്ങും. മിണ്ടാതെ എങ്ങനെ ഇരിക്കും.
ഇതിപ്പോ ഏതാണ്ട് 2-3 വർഷമായി, ഇങ്ങനെ ആയിട്ട്. മിണ്ടാട്ടം കുറഞ്ഞ്, ദേഷ്യം കൂടി, എങ്ങനെ നടന്നിരുന്നതാ നമ്മൾ.
മിണ്ടിയും ചിരിച്ചും ചർച്ചകളും ചായയും. ഹാ ആ സമയം!
ചുറ്റിലും നൂറ് കണക്കിന് ആളുകൾ, കൂട്ടുകാർ എല്ലാം നിറഞ്ഞ് നിന്നപ്പോഴും ഒരു കണക്കിന് ഞാൻ ആ കൈയിൽ തന്നെ ആയിരുന്നില്ലേ...സ്നേഹം!
ഇപ്പോഴോ!! ആ കൈകളിൽ ചുളിവുകൾ വന്നിരിക്കുന്നു. ഞാൻ കൂടെ ഓടിയെത്താൻ പാട്പെട്ട ആ നടത്തത്തിനെ പ്രായം പയ്യെ തളച്ചിട്ടിളിരിക്കുന്നു. വാഗ്വാദങ്ങൾക്ക് പ്രസരിപ്പുകൾ കുറഞ്ഞിരിക്കുന്നു. ശബ്ദത്തിൻ്റെ ഇടറിച്ച സംസാരത്തിന് പലപ്പോഴും ഒരു തടസ്സമാകുന്നു.
ഒരു കാലത്ത് ആരാധിച്ച ആ രൂപത്തിന് ഇന്നിപ്പോ വയ്യ. ശക്തി ക്ഷയിച്ച ആരാധനാ മൂർത്തിയെ പോലെ!!
ശെ, എന്നാലും ഞാൻ എന്തിനാ ഈ കരയുന്നേ. എല്ലാവർക്കും പ്രായമാകുന്നതല്ലെ. പ്രായമാകും, ക്ഷീണമാകും, പയ്യെ വിട്ട് പോകും!
ശരിയാ....എന്നാലും!!
ഇനി എത്ര നാൾ കൂടെ ഇങ്ങനെ കാണും....ഇപ്പൊ ഉള്ളതുപോലെ എങ്കിലും.
ഒരുമിച്ച് ഒന്ന് ഉണ്ണാൻ, ഉറങ്ങാനോക്കെ!
എന്നാലും, ഏറെ പ്രിയപ്പെട്ടവർ പോകുമ്പോ ഈ കാണായ ആളുകളൊക്കെ അതെങ്ങനാ ഒന്ന് മറികടക്കുന്നേ....
വയ്യ... ചിന്തിക്കാൻ കൂടെ വയ്യ... ഒറ്റക്ക് എങ്ങനാ! വേണ്ട ഓർക്കണ്ടാ!
ഏയ്!... അതിലും ഏറ്റവും നല്ലത്, ഇതിനൊക്കെ മുന്നേ, പോകാം... ഏറ്റവും ദൂരത്തേക്ക്... നാളെയില്ലാത്തിടത്തേക്ക്... കാണാത്തിടത്തേക്ക് മറയാം... ഓർമ്മകളും, ബന്ധങ്ങളും അങ്ങനെയങ്ങ് മറയട്ടേ..........!
ഏയ്!... അതിലും ഏറ്റവും നല്ലത്, ഇതിനൊക്കെ മുന്നേ, പോകാം... ഏറ്റവും ദൂരത്തേക്ക്... നാളെയില്ലാത്തിടത്തേക്ക്... കാണാത്തിടത്തേക്ക് മറയാം... ഓർമ്മകളും, ബന്ധങ്ങളും അങ്ങനെയങ്ങ് മറയട്ടേ..........!
~ജയ്ക്കൂ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ