ആ നാട് എനിക്ക് അപരിചിതമല്ലായിരുന്നു. യാത്ര മുൻപത്തെ പോലെ അത്ര രസകരമായി തോന്നിയില്ല. ആകെ ഒരു മൂകത. ബസിൽ സൈഡ് സീറ്റിൽ ആയിരുന്നതെങ്കിലും ചാറ്റൽ മഴ കാരണം പുറകിലെ യാത്രക്കാരൻ ബഹളം വച്ചതിനാൽ ജനൽ കൊട്ടിയടച്ചിരുന്നു. മഴയുടെ ശക്തി പയ്യെ കുറയുന്നത് കണ്ട ഞാൻ ജനൽ തുറന്നു. നേരിയ ആസ്വസ്ഥതയോടെ ആണെകിലും ഉറക്കം നടിച്ച പിറകിലെ യാത്രക്കാരൻ എഴുന്നേറ്റില്ല. ഇന്നലെ രാത്രി പെയ്ത മഴയുടെ ഓർമ്മ പോലെ നല്ല തണുത്ത കാറ്റ് മുഖത്തടിക്കുന്നുണ്ടായിരുന്നു. കണ്ണെത്താദൂരത്തോളം നീണ്ട് തെളിഞ്ഞ പുൽമേടുകൾ നോക്കിയിരുന്നപ്പോൾ, ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു "അവളുടെ നാട്!!". ആദ്യമായി വന്നതെപ്പോഴെന്ന് ഓർമ്മയില്ല. എന്തായാലും ഒറ്റയ്ക്കല്ല, ഒരു പറ്റം കൂട്ടുകാർ. നാടു ചുറ്റാൻ ഇറങ്ങിയവർ. ഇന്നോ? ഒരേ ഒരു ലക്ഷ്യം. അവൾ, അവളുടെ നാട്.
അനാമിക. നാമത്താൽ വിശേഷിപ്പിക്കാൻ കഴിയാത്തവൾ. അതായിരുന്നു അവൾ. ഞാൻ അവളുടെ ആര് എന്നതല്ല, അവൾ എനിക്ക് ആര് എന്നതാണ് ഈ യാത്രയ്ക്ക് കാരണം. പറയേണ്ടെന്നുവച്ച ഒരിഷ്ടം. ചിരി വരുന്നു ഓർക്കുമ്പോൾ. ഒരിക്കൽ പാതി പറഞ്ഞതാണ്, പാടില്ലായ്കയുടെ ഒരു നീണ്ട ലിസ്റ്റ് കണ്ടപ്പോൾ നിർത്തി, ഇനിയില്ല. പുഞ്ചിരിയോടെ ഓർക്കുന്നു, അതൊക്കെ പഴയ കഥ. കണ്ണിൽ വന്ന് വീണ മഴത്തുള്ളിയാണ് ഓർമ്മകളിൽ നിന്ന് ഉണർത്തിയത്. എന്തത്ഭുതമാണല്ലേ, ഓർമ്മകളെ ഉണർത്താൻ കഴിയുന്ന കാറ്റിന്റെ ഈ ശക്തി.
മണിക്കൂറുകൾ നീണ്ട യാത്രയായിരുന്നു. ഇടക്കെപ്പഴൊക്കെയോ യാത്ര തീരരുതേ എന്ന് തോന്നിപ്പോയിരുന്നു. ഇനി രണ്ട് സ്റ്റോപ്പ് മാത്രം, ഇറങ്ങേണ്ട സ്ഥലമായി. നെഞ്ചിടിപ്പ് കൂടിയിട്ടുണ്ടെന്ന് തോന്നുന്നു. മനസ്സ് പോലെ തന്നെ പുറമെയും ഇരുണ്ട് നിൽക്കുന്നു, നല്ല മഴക്കാറ്. കൈയിൽ ഇല്ലാത്ത കുടയെപ്പറ്റി ഒന്ന് ചിന്തിച്ചു കൂടെയില്ല. ആകെ ഒരു ആധി, പരിഭ്രമം.
ബസ് നിർത്തി. ഭാരിച്ച കല്ലുമായി പോകുന്ന ഉറുമ്പിനെ പോലെ ഞാൻ നടന്നു. പടി കയറി നന്നേ ക്ഷീണിതനായിട്ടാണ് കയറി ചെന്നത്. അതെ എല്ലാവരും ഉണ്ട്. നിറഞ്ഞ ആൾക്കൂട്ടം. ക്ഷണിക്കാതെ വന്ന അതിഥിയായി ഏറ്റവും പുറകിൽ ഞാൻ. നേരം വൈകിയിരുന്നു. തിക്കി തിരക്കി ആളുകൾക്ക് ഇടയിൽ ഇടിച്ച് കയറുന്ന എന്നെ പലരും ശ്രദ്ധിക്കാതെ ശ്രദ്ധിച്ചു. പെട്ടെന്ന് കണ്ണുകളിൽ ആ മുഖം പതിഞ്ഞു, ഞാൻ നിന്നു. വെളുത്ത ഡ്രെസ്സിൽ അവൾ ഏറെ സുന്ദരിയായിരുന്നു. മറ്റുള്ളവരെല്ലാം വെറും മങ്ങൽ മാത്രമായി. ആ മുഖം മാത്രം. ഇടക്ക് ആരുടെയോ ശബ്ദം കേട്ടപ്പോഴാണ് സ്ഥലകാല ബോധം വീണ്ടും വന്നത്. അയാൾ വീണ്ടും വിളിച്ച് പറയുന്നത് കേട്ടു "അന്ത്യചുംബനം നൽകാൻ ഇനി ആരേലുമുണ്ടോ?". പലരും മുന്നോട്ട് നീങ്ങുന്നത് കണ്ടു. ന്നാൽ എന്റെ കാലൊരടി നീങ്ങിയില്ല. ഇന്നേ വരെ ചുംബിക്കാത്ത അവളുടെ മേൽ, ഇല്ല. അതിന് പുറമെ ബന്ധുക്കളുടെയും, വീട്ടുകാരുടെയും മുന്നിൽ ഞാനാരെന്ന ചോദ്യം. ഇതിനെല്ലാം മുന്നിൽ കണ്ണ് നിറഞ്ഞ നിശ്ചല രൂപം പോലെ ഞാൻ നിന്നു. നിശ്ചലമായി നിൽക്കുന്നതിലും വലുതായി ഒന്നും ചെയ്യാൻ ഇല്ലാത്ത ചില അവസ്ഥകൾ.
അവളുടെ മേൽ അവസാന പിടി മണ്ണ് വീഴുന്നതും നോക്കി, ദൂരെ മാറി ഒരു മരത്തിന്റെ കീഴിലേക്ക് ഞാനൊതുങ്ങി. കരയുന്നില്ല, എന്തിന് കരയണം.
ആ വേദനയിൽ കഠിന ഹൃദയയായ പ്രകൃതിപോലും കരഞ്ഞു. നിറഞ്ഞ് പെയ്തു. വേനലിലെ ആ പെരുമഴയിൽ, ആദ്യമായി എനിക്ക് തോന്നി. ഞാൻ ഏകനായി.
~ജയ്ക്കൂ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ