അവളോ...അവളൊരഹങ്കാരിയാണ്! ഇന്നും കേട്ടു ആ വാക്കുകൾ. ഇതിപ്പോ ഒരു ശീലമായ പോലെ. എങ്കിലും കേട്ട് മടുത്തിരിക്കുന്നു. ഉള്ളിലെവിടെയോ ഒരു വിങ്ങലാണ്. വെയിലിന്റെ ഒരു നേർത്ത പാളി കണ്ണിലുടക്കിയപ്പോഴാണ് അവൾ യാത്രയിലാണെന്ന ബോധത്തിലേക്ക് തിരികെ വന്നത്.
അതൊരു തിരിച്ച് പോക്കിന്റെ തുടക്കമായിരുന്നു. മൂന്ന് വർഷത്തെ ഡിഗ്രി പഠനം അവസാനിച്ചു! തീരരുതെന്ന് പലപ്പോഴുമാഗ്രഹിച്ച കുറച്ച് നാളുകൾ. ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുന്ന ഭാവി പലപ്പോഴും ഭയപ്പെടുത്തിയിരുന്നു. പൊക്കിൾക്കൊടി മുറിച്ച് മാറ്റി, പുതിയ ലോകത്തിലേക്ക് പറിച്ച് നടപ്പെട്ട ഒരു കുട്ടിയുടെ ആശങ്ക അവളുടെ മുഖത്ത് തളം കെട്ടിയിരുന്നു. ഓർമ്മകളുടെ കൂമ്പാരം മനസ്സിൽ കുമിഞ്ഞ് കൂടിയപ്പോളും അവൾ മനസ്സിൽ ഉരുവിട്ടു "അതെ! ആ അവസാന ബന്ധവും ഇവിടെ തീരുകയാണ്!".
ഡിഗ്രികാലഘട്ടം പലപ്പോഴും ആളുകളെ പലതും പലരും ആക്കി തീർത്തിരുന്നു. ആ മൂന്ന് വർഷങ്ങൾ കൊണ്ട് ആരും മനസ്സിലാക്കാത്ത ഒരു വികാരജീവിയായി മാറിയിരുന്നു അവൾ. പലരാൽ ചാർത്തപ്പെട്ട യക്ഷി രൂപങ്ങളിൽ നിന്ന് ഓടിയൊളിക്കുവാൻ സ്വയം സൃഷ്ടിച്ച കവചമായിരുന്നു ആ പ്രതിച്ഛായ.
ഇതിനിടയിൽ സ്വയം മറന്ന് ആഘോഷിച്ചനാളുകളിൽ ഒപ്പമിരുന്ന ഒപ്പംകൂടിയ ഒരാൾ ഉണ്ടായിരുന്നു അവൾക്ക്. സ്വന്തമെന്ന് എന്നും വിളിച്ച ഒരാൾ. അവൾ തന്നെ സ്വയം ഒളിപ്പിച്ച മുഖംമൂടിക്ക് പിന്നിലെ രൂപത്തെ തുറന്ന് അറിഞ്ഞ ഒരാൾ. അവളുടെ സ്വന്തം ശ്രീ. ലേഡീസ് ഹോസ്റ്റലിലെ രണ്ടാത്മാക്കൾ. എന്ന് കണ്ടു എന്നല്ല ആരായിരുന്നു എന്നതായിരുന്നു അവർ. അഹങ്കാരിയുടെ അഹങ്കാരമായിരുന്നു അവൾക്ക് ശ്രീ. ആരും തെളിഞ്ഞ് കാണാതെ പോയ വലിയ കുഞ്ഞു ലോകത്തിൽ ജാമ്യം കിട്ടാതലയുന്ന രണ്ട് കുഞ്ഞാത്മാക്കളായിരുന്നു അവർ.
ഇന്ന് ഈ നാട്ടിലെ പുല്ലിനോടും കാറ്റിനോടും മഴയോടും വെയിലിനോടും യാത്ര പറഞ്ഞപ്പോൾ ഇനി വീണ്ടും കാണാമെന്ന് അവളുടെ മനസ്സ് പറഞ്ഞപ്പോഴും കൂടെയുള്ളവൾ മിണ്ടാതെ നിന്ന് കേട്ടു. പറയാൻ കടലോളമുള്ളപ്പോഴും രണ്ട് തുള്ളി കണ്ണുനീർ കഥപറഞ്ഞ് തുടങ്ങിയ കുറെ നിമിഷങ്ങൾ. വണ്ടിയിലേക്ക് കയറാൻ നേരം കൈകൾ വിടുവിക്കാൻ ഒരു മടി. ഇനി എന്ന് കാണുമെന്ന മനസ്സിലെ സംശയമാകാം വിരലുകളെ വിടപറയാൻ സമ്മതിക്കാത്തത്. കലങ്ങിയ കണ്ണുകളാൽ പരസ്പരം കാണാൻ കഴിഞ്ഞില്ല. നിസ്വാർത്ഥതയിലെ സ്വാർത്ഥതയായിരുന്നു ആ മനസ്സ് നിറയെ, സ്വാർത്ഥമെന്ന് മാത്രം ലോകം കണ്ട നിസ്വാർഥത. കണ്ണ് തുടയ്ക്കണമെന്ന ചിന്ത പോലും മറന്ന് പോയിരുന്നു. ബസ് പതിയെ നീങ്ങിയപ്പോൾ കണ്ണിൽ നിന്ന് ഉരുണ്ടിറങ്ങിയ തുള്ളികൾ പരസ്പരം യാത്ര പറഞ്ഞു.
അതെ....നീങ്ങുകയാണ്.....മാറുകയാണ്. ഇനി? കുറെ ചോദ്യങ്ങളാണ് മുൻപിൽ. എന്തൊക്കെയാണ് നഷ്ടപ്പെടുന്നത് എന്ന് പോലും ഓർക്കാൻ പറ്റാതെ അവൾ നീങ്ങിയപ്പോൾ ആ വീഥികൾ ഉറക്കെ പറഞ്ഞു
"അവളോ...അവളൊരഹങ്കാരിയാണ്!"
~ജയ്ക്കൂ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ