തീർത്തും ആവേശമില്ലാതെയാണ് അന്നേ ദിവസം അവൾ കണ്ണ് തുറന്നത്. വീണ്ടും ഒരു പിറന്നാൾ. ഓർമ്മകൾ ഓർമ്മകളായതറിയാതെ നീണ്ട മുപ്പത്തിരണ്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. സമയം നോക്കി. ആറ് കഴിഞ്ഞ് മൂന്ന് മിനിറ്റ്. ഉറക്കച്ചടവോടെ തന്നെ വലത്തേ കാലിൽ തടഞ്ഞ് കിടന്ന ആ പുതപ്പിൻ്റെ കഷ്ണം, കാലുകൊണ്ട് തട്ടി മേലേക്ക് ഇട്ടു. തലയിണ മുറുകെ പിടിച്ച് തിരിഞ്ഞ് കിടന്ന്, പുതിയ ദിനത്തിൻ്റെ ചുഴിയിലേക്ക് ഇറങ്ങുന്നതിന് മുന്നേ ഉള്ള അവസാന വിശ്രമത്തിലേക്ക് അവൾ വീണു.
എന്നത്തേയും പോലെ അമ്മ വിളിച്ച് തുടങ്ങി, എഴുന്നേൽക്കുവാൻ പറഞ്ഞ്. എഴുന്നേൽക്കാതെ വയ്യ. സമയം 8 ആവാറായി. ഉറക്കച്ചടവിൽ തന്നെ ഫോൺ കയിൽ എടുത്ത് നോക്കി. ഇല്ല. മെസ്സേജുകൾ ഒന്നും തന്നെ ഇല്ല. എല്ലാവരും മറന്നിരിക്കുന്നു. മനസ്സിലെവിടെയോ ഉണ്ടായിരുന്ന അവസാന പ്രതീക്ഷയും ആ ചെറിയ സ്ക്രീൻ തകർത്തു. എല്ലാവരും മറന്നു.
ആകെ ഓർത്തത് SBI ആണ്. Wishing you a very happy and prosperous Birthday, Prabha.
"പ്രഭ!"
അവളുടെ കണ്ണുകൾ തിളങ്ങി. പ്രഭ! അങ്ങനെ ഒരാൾ മാത്രമേ നേരിട്ട് അവളെ വിളിച്ചിട്ടുള്ളൂ.
SBI ക്ക് first name, last name മാറി പോയതാണ്. എങ്കിലും ആ പേര്...
രാവിലെ അസ്തമിച്ച ആ പ്രതീക്ഷയുടെ കണിക അവളിലേക്ക് വീണ്ടും വന്നു. പുതപ്പും, ഫാനും, ഫോണും ഒന്നും നോക്കാതെ അവൾ മുൻവശത്തേക്ക് ഓടി. എന്തിനെയോ, ആരെയോ തേടിയുള്ള നിൽപ്പ്.
"ആരെങ്കിലും വന്നോ അമ്മാ???" റോഡിൽ നിന്ന് കണ്ണെടുക്കാതെ അവൾ അലറി വിളിച്ച് ചോദിച്ചു.
"നിന്നെ ഒക്കെ തേടി ആര് വരാൻ?" തേടിവന്ന കല്യാണം മുഴുവൻ ഒഴിവാക്കിയ പുച്ഛം നിറഞ്ഞ അമ്മയുടെ മുഖം ആ ശബ്ദത്തിൽ നിന്ന് തന്നെ അവൾ കണ്ടൂ.
നിരാശയ്ക്കപ്പുറം, അവളുടെ മുഖത്ത് ആകെ ഒരു ഭയം നിറഞ്ഞു.
"ആ കുറച്ച് നേരം കൂടെ നോക്കാം!!!" അവൾ മനസ്സിൽ പറഞ്ഞു.
പല്ല് തേയ്ക്കുമ്പോൾ മുതൽ ഭക്ഷണം കഴിച്ചപ്പോൾ വരെ അവളുടെ മുഖത്തെ ആ ഭയം വ്യക്തമായി കാണാമായിരുന്നു.
"എന്തെടി?? മത്തങ്ങ പോലെ ഉണ്ടല്ലോ മുഖം!!!"
"ഒന്നൂല്ല!!!!!" പിറന്നാൾ മറന്ന ദേഷ്യവും, ഈർഷ്യയും എല്ലാം ആ ഉത്തരത്തിൽ ഉണ്ടായിരുന്നു.
അപ്പവും കടലയും കഴിച്ചെന്ന് വരുത്തി, എഴുന്നേറ്റപ്പോൾ തടഞ്ഞുകൊണ്ട് അമ്മ ഒരു പാത്രം മുന്നിലേക്ക് നീട്ടി. നല്ല നെയ്യിട്ട് വരട്ടിയ ശർക്കര പായസം. വറുത്ത തേങ്ങാ കൊത്തുകൾ ഒക്കെ നിറഞ്ഞ ഒന്ന്. അവളുടെ ഏറ്റവും പ്രിയപ്പെട്ടത്.
"പിറന്നാളൊക്കെ അല്ലേ!!!"
അവളുടെ കണ്ണ് നിറഞ്ഞു. കെട്ടി പിടിച്ച് ഒരുമ്മ കൊടുത്ത്, ഒരു പാത്രം പായസം മുഴുവൻ വടിച്ച് കഴിച്ചു.
"അച്ഛൻ പറഞ്ഞേക്കാൻ പറഞ്ഞൂട്ടോ....കാലത്ത് എന്തോ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞ് പോയി, നീ എഴുന്നേറ്റില്ലല്ലോ!!!" അടുക്കളയിലേക്ക് തിരിയും വഴി അമ്മ പറഞ്ഞു.
കണ്ണുകളുടെ തിളക്കം വീണ്ടും കിട്ടിയതുപോലെ ആയി അവൾക്ക്. ആവേശത്തോടെ ഓഫീസിലേക്ക് ഇറങ്ങി.
ആ സന്തോഷത്തിനിടയിലും അവളുടെ മുഖം ആകെ ഒരു അങ്കലാപ്പിലായിരുന്നു. പ്രതീക്ഷകൾ തെറ്റിച്ച ഒരു അഭാവം അവളെ ആ കാർ യാത്ര മുഴുവനും അലട്ടി.
സീനിയർ പോസ്റ്റ് ആണെങ്കിലും പുതിയ കമ്പനിയിൽ കയറിയിട്ട് അധികം ആവാത്തതിനാൽ അവൾക്ക് ആരുമായും വലിയ അടുപ്പമൊന്നും ഇല്ല. എങ്കിലും എംപ്ലോയീ എന്ന നിലയിൽ ഒരു ചെറിയ കേക്ക് മുറി ആഘോഷം ഒക്കെ എല്ലാവരും കൂടെ നടത്തി.
നാളുകൾക്ക് ശേഷം ഒരു ആഘോഷം!
അതിനിടയിൽ ഓഫീസിലെ പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റിൽ പോലും അവൾ പോയി എന്തോ പരതി. ശേഷം നിരാശയോടെ മടക്കം.
"എന്താണ്? സമ്മാനം വല്ലോം വരാൻ ഉണ്ടോ?" മാനേജറുടെ പുച്ഛഭാവത്തോടെയുള്ള ആ ചോദ്യത്തിന് ഒരു ചിരി ഉത്തരം നൽകി അവൾ സീറ്റിൽ പോയി ഇരുന്നു.
"ഇനി അവൻ മറന്ന് പോയി കാണുമോ?"
"അതോ അഡ്രസ്സ് വല്ലോം മാറി പോയോ?"
"ഇനി പോസ്റ്റ് ഓഫീസിൽ സ്റ്റക്ക് ആയി കാണുമോ?"
"അതോ ഇനി അവന്.....!"
"ഏയ്! വരും! വൈകി ആണെങ്കിലും അത് വരാതിരിക്കില്ല."
ഓരോ പിറന്നാളിനും മറക്കാതെ വരുന്ന ഒരു ഗിഫ്റ്റ് ബോക്സ്!!!
പല സ്ഥലങ്ങളിൽ നിന്ന്, പല നിറങ്ങളിൽ, പല രൂപങ്ങളിൽ ഉള്ള സമ്മാനപ്പൊതികൾ. പേര് പോലും എഴുതിയിട്ടുണ്ടാവില്ല! ഒന്ന് മാത്രം!
Happy Birthday, പ്രഭാ!!!
ആ പേര് മാത്രം മതി അവൾക്ക് ആളെ മനസ്സിലാകുവാൻ.
ഒരിക്കൽ പറയാൻ ബാക്കി വച്ച, നിരാകരിച്ച ഒരു പ്രണയം! പിന്നീട് അവസരം കിട്ടാതെ പോയ ഒന്ന്! കാലങ്ങൾ കഴിഞ്ഞപ്പോൾ പറയാൻ വയ്യാതെ വീർപ്പുമുട്ടലായി മാറിയ ഒന്ന്!
കാലങ്ങളായി അവനെ അവൾ തേടുന്നുണ്ട്! ഒന്ന് സംസാരിക്കുവാൻ! ഒന്ന് തുറന്ന് സംസാരിക്കുവാൻ!
എന്നാൽ, ഒരറിവും ഇല്ലാതെ എങ്ങനെ?
അങ്ങനെ ഓരോ പിറന്നാളും അവളുടെ കാത്തിരുപ്പാണ്! കുറെ ചോദ്യങ്ങളുമായി! ആ കത്തിന് വേണ്ടി, കൂടുതൽ എന്തെങ്കിലും അറിയുവാൻ, ഒന്ന് കാണുവാൻ, ഒന്ന് സംസാരിക്കുവാൻ!
സമയം കഴിയുന്തോറും എന്തോ ഒരു ഭയം അവളെ പൊതിഞ്ഞ് തുടങ്ങി.
വിളിച്ച് തിരക്കണം എന്നുണ്ട്. പക്ഷേ ആരെ വിളിക്കാൻ? എവിടെ വിളിക്കാൻ?
'അവൻ എവിടെയാണെന്ന് അവന് പോലും ഒരു നിശ്ചയം ഇല്ലാ! പിന്നെ എന്ത് ചെയ്യും!" അവൾ മനസ്സിൽ പറഞ്ഞു.
ക്യാൻ്റീനിൽ നിന്ന് ഉച്ച ഭക്ഷണം കഴിഞ്ഞ് മേശക്ക് മുന്നിലെ ഫ്ലവർ വേസ് കറക്കി കൊണ്ട് മുകളിലെ വെളുത്ത സീലിങ് നോക്കി അവൾ ഇരുന്നു.
"നന്ദൂ!!!" ആ വിളി കേട്ട് ഞെട്ടിയാണ് അവൾ മയക്കത്തിൽ നിന്ന് സ്വബോധത്തിലേക്ക് വന്നത്. തിരിഞ്ഞ് നോക്കി. ഏതോ ക്ലയന്റാണ്.
നന്ദു! പെട്ടെന്ന് അവൻ വന്നെന്ന് കരുതി. നന്ദു. ആനന്ദ്!
കോളേജ് കാലത്ത് വച്ച് തുടങ്ങിയ പരിചയം. നീണ്ട 14 വർഷങ്ങൾ.
കോളേജ് കാലത്ത് തമ്മിൽ തോന്നിയ ഒരു ഇഷ്ടം, പ്രണയം. ഒരു തരത്തിലും തമ്മിൽ പ്രകടിപ്പിക്കുവാൻ അറിയാത്ത, കഴിയാത്ത രണ്ട് പേർ. പിന്നീട് എപ്പോഴോ അവൾ തന്നെ അകലേക്ക് തള്ളി മാറ്റിയ ഒരു പ്രണയം.
കോളേജ് കഴിഞ്ഞ് രണ്ടാം വർഷം ഒന്ന് പറയുക പോലും ചെയ്യാതെ അവൻ നാട്ടിൽ നിന്ന് പോയി. അജ്ഞാതവാസം. എന്തിനെന്നോ എവിടെയെന്നോ എങ്ങനെ ഉണ്ടെന്നോ ആർക്കും അറിയില്ല. യാത്രയിലാണ് അത്ര മാത്രം.
കൂടെ പഠിച്ച പലരും ഒളിഞ്ഞും തെളിഞ്ഞും അവളെ കുറ്റപ്പെടുത്തുവാൻ തുടങ്ങി. ചിരികൾ, പരിഹാസങ്ങൾ എല്ലാം എന്തിനെന്ന് പോലും അറിയാതെ അവൾ ഏറ്റുവാങ്ങി.
അജ്ഞാതവാസിയിൽ നിന്ന് അവൾ ഉൾപ്പടെ അടുത്ത 2-3 കൂട്ടുകാർക്ക് ആകെയുള്ള വിവരം ഒരു കത്താണ്. അവരുടെ മനസ്സിൽ അവൻ വിസ്മൃതിയിലേക്ക് ആണ്ടു പോവാതിരിക്കുവാനുള്ള ഒരു ഓർമ്മപ്പെടുത്തൽ പോലെ. അതും അവരുടെ പിറന്നാൽ ദിനത്തിൽ. ഇവിടുത്തെ ചെറിയ കാര്യങ്ങളിൽ പോലും അവൻ അറിയുന്നുണ്ട്.
പഴയ കാലത്തിൽ മുഴുകിയ അവൾ പതിയെ കോളജിലെ ഓർമ്മകളിൽ കയറി. ക്ലാസ്സ് മുറികളും, എഴുത്തുകൾ നിറഞ്ഞ മേശപ്പുറങ്ങളും, യാത്രയും, കൂട്ടുകാരും ഒക്കെ. ഓഫീസിൽ ആണെന്ന കാര്യം പോലും അവൾ മറന്നു.
വൈകിട്ട് വീട്ടിലേക്ക് തിരിച്ചപ്പോഴും, ഡ്രൈവ് ചെയ്തപ്പോഴും ഒക്കെ അവൻ്റെ മുഖമായിരുന്നു മനസ്സിൽ. ഒരു അങ്കലാപ്പ്. വീട്ടിൽ ചെന്നിട്ട് ആരെയെങ്കിലും വിളിച്ച് അന്വേഷിക്കണം എന്ന തീരുമാനത്തിൽ അവൾ വളരെ വേഗം വണ്ടി ഓടിച്ചു. സമയം കഴിയുന്തോറും ഉള്ളിലെ ഭയം കൂടി!
പതിവിന് വിപരീതമായി വീടിൻ്റെ മുന്നിൽ എല്ലാം എല്ലാ ലൈറ്റും കത്തി നിൽക്കുന്നു.
ഇനി ലൈറ്റ് ഓഫ് ആക്കുവാൻ അപ്പ മറന്നോ? സംശയത്തോടെ അവൾ നടന്ന് അകത്ത് കയറി.
"Happy Birthday പത്മ പ്രഭ!!!" ആ ശബ്ദം അകത്തളമാകെ പ്രതിധ്വനിച്ചു.
അവൾ മിണ്ടുവാൻ വയ്യാത്ത അവസ്ഥയിൽ ആയി. കോളേജിൽ പഠിച്ച മിക്കവരും ഉണ്ടായിരുന്നു അവിടെ. കണ്ണുകൾ നിറഞ്ഞു. വർഷങ്ങൾക്ക് ശേഷം ഒരു നിറഞ്ഞ പിറന്നാളാഘോഷം!!!
"അല്ലാ! ഇതെങ്ങനെ എല്ലാരും?" അവൾ ആശ്ചര്യം അടക്കാൻ കഴിയാതെ ചോദിച്ചു.
"നീ വിളിച്ചാൽ പിന്നെ വരാതിരിക്കുമോ?"
"ഞാനോ?"
"പിന്നല്ലാതെ! എന്നാലും ഈ കാലത്ത് ആരെങ്കിലും കത്തോക്കെ എഴുതി വിളിക്കുമോടെ?"
"കത്തോ....." അവളുടെ കണ്ണുകൾ തിളങ്ങി! "എന്നിട്ട് എവിടെ ആ കത്ത്? കൊണ്ടുവന്നില്ലേ?"
"എന്തിന്?" വൈൻ കുപ്പി പൊട്ടിക്കുന്ന തിരക്കിൽ ആരോ പറഞ്ഞു.
ഈ അത്ഭുതത്തിലും അവളുടെ നിറഞ്ഞ കണ്ണുകൾ ആ കൂട്ടത്തിൽ പരത്തിയത് അവനെയായിരുന്നു.
തിരക്കിനിടയിൽ അമ്മ അവളെ വന്ന് അടുക്കളയിലേക്ക് വിളിച്ചു.
"എന്താ അമ്മ?" നിരാശ നിറഞ്ഞ ഒരു സ്വരത്തിൽ അവൾ ചോദിച്ചു.
"ഇതാണോ നീ രാവിലെ തൊട്ട് തേടി പിടിച്ച് നടക്കുന്ന സാധനം???" ഒരു പൊട്ടികാത്ത നീല കവർ ഉയർത്തി പിടിച്ച് അമ്മ ചോദിച്ചു. റോസാപ്പൂക്കളുടെ പടം നിറഞ്ഞ കടലാസിൽ പൊതിഞ്ഞ ഒരു കത്ത്!
അതെ എന്ന് പറയുവാനുള്ള ക്ഷമ അവൾക്ക് ഇല്ലായിരുന്നതിനാൽ ഒരക്ഷം പോലും മിണ്ടാതെ അത് തട്ടിപ്പറിച്ച് അവൾ വരാന്തയിലേക്ക് ഓടി.
ഒരു നൂറ് ചോദ്യങ്ങൾ അവൾക്ക് മുന്നിൽ ഉണ്ടായിരുന്നു.
എന്നാൽ അതിൽ ഇത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ.
"നിൻ്റെ തേടൽ അവസാനിക്കുന്ന നാൾ ഞാൻ വരും!
ഇല്ലാത്ത ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമായി!!!
Happy Birthday, പ്രഭാ"
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ