കുഞ്ഞിലെ എപ്പോഴോ ബാലചന്ദ്രൻ ചുളളിക്കാടിൻ്റെ പുസ്തകത്തിൻ്റെ പേരിലൂടെ കേട്ട്
പരിചയമുള്ള സ്ഥലം. ചിദംബരം. നടരാജനും മഹാവിഷ്ണുവും ഒരുമിച്ച് പ്രതിഷ്ഠയുള്ള
പ്രൗഢഗംഭീരമായ ക്ഷേത്രം. ചോളന്മാരുടെയും ഹോയ്സാലൻമാരുടെയും കരസ്പർശം പതിഞ്ഞ
കൊത്തുപണികൾ.
ഇത്രയും വലിയ ചിഹ്നങ്ങൾകും പ്രതിമകൾക്കും, കൊത്ത് പണികൾക്കും ഇടയിൽ എൻ്റെ ശ്രദ്ധ ഏറ്റവും അധികം പതിഞ്ഞത് ഒരു ചെറിയ രൂപത്തിലായിരുന്നു. ഏകദേശം 4 അടിയോളം മാത്രം വലിപ്പമുള്ള ഒരു മനുഷ്യൻ.
ഇത്രയും വലിയ ചിഹ്നങ്ങൾകും പ്രതിമകൾക്കും, കൊത്ത് പണികൾക്കും ഇടയിൽ എൻ്റെ ശ്രദ്ധ ഏറ്റവും അധികം പതിഞ്ഞത് ഒരു ചെറിയ രൂപത്തിലായിരുന്നു. ഏകദേശം 4 അടിയോളം മാത്രം വലിപ്പമുള്ള ഒരു മനുഷ്യൻ.
നിറഞ്ഞ ചിരിയും, തിളങ്ങുന്ന കണ്ണുകളുമായി
നിൽക്കുന്ന ഒരു ചെറിയ രൂപം. ആനന്ദൻ. പേരിനെ അന്വർത്ഥമാക്കുന്ന മുഖം. വലത്തോട്ട്
ചീകി ഒതുക്കിയ മുടിയും നെറ്റി നിറഞ്ഞ ഭസ്മക്കുറിയുമായി എല്ലാവരെയും ഒരു ചിരിയോടെ,
തൊഴുകൈയോടെ അഭിസംബോധന ചെയ്യുന്ന ഒരാൾ. ഗൈഡ് ആണ്. സ്ഥലത്തെ പറ്റിയുള്ള അറിവിനേക്കാൾ
എന്നെ അത്ഭുതപ്പെടുത്തിയത്, അദ്ദേഹത്തിൻ്റെ മുഖത്തെ അത്ഭുതവും, കൗതുകവുമായിരുന്നു.
പതിഞ്ഞ സ്വരത്തിൽ, എന്നാൽ കൂടി നിൽക്കുന്ന എല്ലാവർക്കും കേൾക്കുവാൻ പാകത്തിനാണ്
അദ്ദേഹത്തിൻ്റെ സംസാരം. ഓരോന്ന് കാണിച്ചും പറഞ്ഞും തരുമ്പോഴുള്ള അദ്ദേഹത്തിൻ്റെ
സന്തോഷം, നമുക്കും പതിയെ പകർന്ന് തരുന്നുണ്ട്. കാണാൻ വന്നവരുടെ മുഖത്ത് വിരിയുന്ന
അത്ഭുതം, അദ്ദേഹത്തിൻ്റെ മുഖത്ത് ഒരു ചിരിയായി പരിണമിക്കുന്നത് മാറി നിന്ന് കാണുവാൻ
ഒരു ഭംഗിയാണ്.
ഒരു തനി മലയാളി മനോഭാവത്തിൽ ഏതോ വയസ്സായ തമിഴൻ അപ്പൂപ്പൻ എന്ന എൻ്റെ
ചിന്തയിൽ അടിച്ച ആദ്യത്തെ ആണിയായിരുന്നു അദ്ദേഹത്തിൻ്റെ ആ ചോദ്യം. "തമിൾ
തെരിയുമാ ഇല്ലെ നാൻ ഇംഗ്ലീഷിലെ പേസണുമാ?"
ഇംഗ്ലീഷ് എന്ന് കേട്ടാൽ പേടിച്ച്, പറയാൻ
മടിയും ചമ്മലുമുള്ള ഒരുപാട് പേരെ കണ്ട ഞാൻ ആ മനുഷ്യൻ്റെ മുന്നിൽ ഒരു നിമിഷം തൊഴുതു.
Grammar-ഓ Rule-ഓ ഒന്നും നോക്കാതെ language for communication എന്ന ഒറ്റ ചിന്തയിൽ
സംസാരിക്കുന്ന മനുഷ്യൻ. തൻ്റെ അനുഭവത്തിലൂടെ, സംസാരിച്ച് സംസാരിച്ച് വർഷങ്ങൾ കൊണ്ട്
ആർജ്ജിച്ച ഭാഷ. ഒന്നോ രണ്ടോ വാക്കുകൾ അല്ല; മറിച്ച്, ഏക്കർ കണക്കിന് കിടക്കുന്ന ആ
അമ്പലത്തിൻ്റെ ഐതിഹ്യം മുതലുള്ള കാര്യങ്ങൾ അദ്ദേഹം ആംഗലേയത്തിൽ പറഞ്ഞ് തന്നു.
40-45 പേരുടെ
കൂട്ടത്തിലെ ഓരോരുത്തരെയും ഒറ്റക്ക് ഒറ്റക്ക് ഗൗനിക്കുവാൻ അദ്ദേഹം
പലപ്പോഴും ശ്രദ്ധിച്ചു. ഓരോ പുതിയ അറിവുകൾ പറഞ്ഞ ശേഷം വലിപ്പച്ചെറുപ്പമില്ലാതെ
കേൾവിക്കാരൻ്റെ കണ്ണിലെ മാറ്റം നോക്കി നിന്ന അദ്ദേഹത്തെ കാണുമ്പോൾ പുതിയ കാഴ്ചകൾ
കൗതുകത്തോടെ നോക്കി നിൽക്കുന്ന ഒരു ചെറിയ കുട്ടിയെയാണ് പലപ്പോഴും ഓർമ്മ വന്നത്!
അറിവ് പകർന്ന് തരുന്നതിൽ സ്വയം ആനന്ദം കണ്ടെത്തുന്ന ഒരു അധ്യാപകനായും,
മറ്റുള്ളവരുടെ സന്തോഷം കാംക്ഷിക്കുന്ന ഒരു പിഞ്ച് കുഞ്ഞായും, നേർവഴി തെളിക്കുന്ന
ഒരു സാരഥിയായും, വയസ്സിനും മേലേ കർമ്മത്തിന് പ്രാധാന്യം നൽകുന്ന ഒരു കർമ്മയോഗിയായും
ഒരേ സമയം മാറുന്ന അദ്ദേഹം ഒരു അറിവായിരുന്നു. ഇങ്ങനെയും മനുഷ്യർ ഇവിടെ ഉണ്ടെന്ന
അറിവ്.
ദർശനം കഴിഞ്ഞ് മടങ്ങും വഴി, കൂടെ വന്ന പലരും പല വഴിക്ക് പിരിഞ്ഞപ്പോൾ, ആ
ആൾക്കൂട്ടത്തിനെ നോക്കി, ആദ്യം കണ്ട അതേ ചിരിയോടെ, അതെ തൊഴു കൈയോടെ അദ്ദേഹം അവിടെ
നിൽക്കുന്നുണ്ടായിരുന്നു. കൺമുന്നിൽ നിന്ന് എല്ലാവരും മറയും വരെ
അദ്ദേഹം അങ്ങിനെ നോക്കി നിന്നു. നടന്ന് നീങ്ങും വഴിയുള്ള ഒരു തൂണിന് പുറകിൽ നിന്ന് ഞാൻ പുറകോട്ട്
നോക്കിയപ്പോൾ, അദ്ദേഹം പതിയെ തിരിഞ്ഞ് നടക്കുകയാണ്. അമ്പലനടയുടെ നേരെ. വളരെ പതിയെ ഉള്ള ആ കാലടികൾ,
ചിലപ്പോൾ അടുത്ത കൂട്ടത്തെ ലക്ഷ്യമാക്കി നടക്കുകയാവാം...
പുതിയ മുഖങ്ങളും
അത്ഭുതങ്ങളും കൗതുകങ്ങളും തേടിയുള്ള ആ കാല്പാടുകൾ ചിദംബരത്തെ പൂഴിയിൽ വന്നുപോയ
യാത്രികരുടെ സ്മരണയായി പതിഞ്ഞിരുന്നു....
ചിദംബര രഹസ്യം🙏
മറുപടിഇല്ലാതാക്കൂ❤️❤️❤️
മറുപടിഇല്ലാതാക്കൂ