ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആനന്ദരൂപം

കുഞ്ഞിലെ എപ്പോഴോ ബാലചന്ദ്രൻ ചുളളിക്കാടിൻ്റെ പുസ്തകത്തിൻ്റെ പേരിലൂടെ കേട്ട് പരിചയമുള്ള സ്ഥലം. ചിദംബരം. നടരാജനും മഹാവിഷ്ണുവും ഒരുമിച്ച് പ്രതിഷ്ഠയുള്ള പ്രൗഢഗംഭീരമായ ക്ഷേത്രം. ചോളന്മാരുടെയും ഹോയ്സാലൻമാരുടെയും കരസ്പർശം പതിഞ്ഞ കൊത്തുപണികൾ.

ഇത്രയും വലിയ ചിഹ്നങ്ങൾകും പ്രതിമകൾക്കും, കൊത്ത് പണികൾക്കും ഇടയിൽ എൻ്റെ ശ്രദ്ധ ഏറ്റവും അധികം പതിഞ്ഞത് ഒരു ചെറിയ രൂപത്തിലായിരുന്നു. ഏകദേശം 4 അടിയോളം മാത്രം വലിപ്പമുള്ള ഒരു മനുഷ്യൻ. 

നിറഞ്ഞ ചിരിയും, തിളങ്ങുന്ന കണ്ണുകളുമായി നിൽക്കുന്ന ഒരു ചെറിയ രൂപം. ആനന്ദൻ. പേരിനെ അന്വർത്ഥമാക്കുന്ന മുഖം. വലത്തോട്ട് ചീകി ഒതുക്കിയ മുടിയും നെറ്റി നിറഞ്ഞ ഭസ്മക്കുറിയുമായി എല്ലാവരെയും ഒരു ചിരിയോടെ, തൊഴുകൈയോടെ അഭിസംബോധന ചെയ്യുന്ന ഒരാൾ. ഗൈഡ് ആണ്. സ്ഥലത്തെ പറ്റിയുള്ള അറിവിനേക്കാൾ എന്നെ അത്ഭുതപ്പെടുത്തിയത്, അദ്ദേഹത്തിൻ്റെ മുഖത്തെ അത്ഭുതവും, കൗതുകവുമായിരുന്നു. പതിഞ്ഞ സ്വരത്തിൽ, എന്നാൽ കൂടി നിൽക്കുന്ന എല്ലാവർക്കും കേൾക്കുവാൻ പാകത്തിനാണ് അദ്ദേഹത്തിൻ്റെ സംസാരം. ഓരോന്ന് കാണിച്ചും പറഞ്ഞും തരുമ്പോഴുള്ള അദ്ദേഹത്തിൻ്റെ സന്തോഷം, നമുക്കും പതിയെ പകർന്ന് തരുന്നുണ്ട്. കാണാൻ വന്നവരുടെ മുഖത്ത് വിരിയുന്ന അത്ഭുതം, അദ്ദേഹത്തിൻ്റെ മുഖത്ത് ഒരു ചിരിയായി പരിണമിക്കുന്നത് മാറി നിന്ന് കാണുവാൻ ഒരു ഭംഗിയാണ്. 

ഒരു തനി മലയാളി മനോഭാവത്തിൽ ഏതോ വയസ്സായ തമിഴൻ അപ്പൂപ്പൻ എന്ന എൻ്റെ ചിന്തയിൽ അടിച്ച ആദ്യത്തെ ആണിയായിരുന്നു അദ്ദേഹത്തിൻ്റെ ആ ചോദ്യം. "തമിൾ തെരിയുമാ ഇല്ലെ നാൻ ഇംഗ്ലീഷിലെ പേസണുമാ?" 

ഇംഗ്ലീഷ് എന്ന് കേട്ടാൽ പേടിച്ച്, പറയാൻ മടിയും ചമ്മലുമുള്ള ഒരുപാട് പേരെ കണ്ട ഞാൻ ആ മനുഷ്യൻ്റെ മുന്നിൽ ഒരു നിമിഷം തൊഴുതു. Grammar-ഓ Rule-ഓ ഒന്നും നോക്കാതെ language for communication എന്ന ഒറ്റ ചിന്തയിൽ സംസാരിക്കുന്ന മനുഷ്യൻ. തൻ്റെ അനുഭവത്തിലൂടെ, സംസാരിച്ച് സംസാരിച്ച് വർഷങ്ങൾ കൊണ്ട് ആർജ്ജിച്ച ഭാഷ. ഒന്നോ രണ്ടോ വാക്കുകൾ അല്ല; മറിച്ച്, ഏക്കർ കണക്കിന് കിടക്കുന്ന ആ അമ്പലത്തിൻ്റെ ഐതിഹ്യം മുതലുള്ള കാര്യങ്ങൾ അദ്ദേഹം ആംഗലേയത്തിൽ പറഞ്ഞ് തന്നു. 

40-45 പേരുടെ കൂട്ടത്തിലെ ഓരോരുത്തരെയും ഒറ്റക്ക് ഒറ്റക്ക് ഗൗനിക്കുവാൻ അദ്ദേഹം പലപ്പോഴും ശ്രദ്ധിച്ചു. ഓരോ പുതിയ അറിവുകൾ പറഞ്ഞ ശേഷം വലിപ്പച്ചെറുപ്പമില്ലാതെ കേൾവിക്കാരൻ്റെ കണ്ണിലെ മാറ്റം നോക്കി നിന്ന അദ്ദേഹത്തെ കാണുമ്പോൾ പുതിയ കാഴ്ചകൾ കൗതുകത്തോടെ നോക്കി നിൽക്കുന്ന ഒരു ചെറിയ കുട്ടിയെയാണ് പലപ്പോഴും ഓർമ്മ വന്നത്! 

അറിവ് പകർന്ന് തരുന്നതിൽ സ്വയം ആനന്ദം കണ്ടെത്തുന്ന ഒരു അധ്യാപകനായും, മറ്റുള്ളവരുടെ സന്തോഷം കാംക്ഷിക്കുന്ന ഒരു പിഞ്ച് കുഞ്ഞായും, നേർവഴി തെളിക്കുന്ന ഒരു സാരഥിയായും, വയസ്സിനും മേലേ കർമ്മത്തിന് പ്രാധാന്യം നൽകുന്ന ഒരു കർമ്മയോഗിയായും ഒരേ സമയം മാറുന്ന അദ്ദേഹം ഒരു അറിവായിരുന്നു. ഇങ്ങനെയും മനുഷ്യർ ഇവിടെ ഉണ്ടെന്ന അറിവ്. 

ദർശനം കഴിഞ്ഞ് മടങ്ങും വഴി, കൂടെ വന്ന പലരും പല വഴിക്ക് പിരിഞ്ഞപ്പോൾ, ആ ആൾക്കൂട്ടത്തിനെ നോക്കി, ആദ്യം കണ്ട അതേ ചിരിയോടെ, അതെ തൊഴു കൈയോടെ അദ്ദേഹം അവിടെ നിൽക്കുന്നുണ്ടായിരുന്നു. കൺമുന്നിൽ നിന്ന് എല്ലാവരും മറയും വരെ അദ്ദേഹം അങ്ങിനെ നോക്കി നിന്നു. നടന്ന് നീങ്ങും വഴിയുള്ള ഒരു തൂണിന് പുറകിൽ നിന്ന് ഞാൻ പുറകോട്ട് നോക്കിയപ്പോൾ, അദ്ദേഹം പതിയെ തിരിഞ്ഞ് നടക്കുകയാണ്. അമ്പലനടയുടെ നേരെ. വളരെ പതിയെ ഉള്ള ആ കാലടികൾ, ചിലപ്പോൾ അടുത്ത കൂട്ടത്തെ ലക്ഷ്യമാക്കി നടക്കുകയാവാം... 

പുതിയ മുഖങ്ങളും അത്ഭുതങ്ങളും കൗതുകങ്ങളും തേടിയുള്ള ആ കാല്പാടുകൾ ചിദംബരത്തെ പൂഴിയിൽ വന്നുപോയ യാത്രികരുടെ സ്മരണയായി പതിഞ്ഞിരുന്നു....

~ജയ്ക്കൂ

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ശാന്തി...

  ശാന്ത സുന്ദരമായ ഒരു വെളുപ്പാൻ കാലം. ചൂലിൻ്റെ പുറകുവശം കൊണ്ട് നല്ല ഒരു അടി കാലിന് കിട്ടിക്കൊണ്ടാണ് രാവിലെ കണ്ണ് തുറക്കുന്നത്. പത്ത് മണിയായിട്ടും എണീക്കാത്തതിന്റെ അല്ല! മുറി ആകെ അലങ്കോലമാണ്. ഇന്നലെ വൃത്തിയാക്കിക്കോളാം എന്ന് അമ്മയോട് പറഞ്ഞതാണ്. ചെയ്തില്ല. മടി. "എന്താടാ ഇന്നും ഇങ്ങനെയൊക്കെ തന്നെയാണോ" ശാന്തമായ ഉറക്കം അശാന്തമായി തീർന്നിരുന്നു. അവൻ തലയണ എടുത്ത് മുഖംമൂടി "ഒന്ന് പോ അമ്മ! ആകെ കിട്ടുന്ന ഒരു ഞായറാഴ്ചയാണ് ഇന്നെങ്കിലും ഉറങ്ങിക്കോട്ടെ." തലയണയുടെ വിടവിലൂടെ അവൻ പറഞ്ഞു. "ഈ മുറി അടുക്കാതെ. ഒരു ഉറക്കവും വേണ്ട!" മുകളിലെ മച്ചിലേക്ക് നോക്കിക്കൊണ്ട് അമ്മ. "എന്താ അമ്മ! എൻ്റെ മുറിയല്ലേ! ആരും കേറണ്ട. ഞാൻ മാത്രം കേറിക്കോളാ. അപ്പൊ ഇങ്ങനെ കിടന്നാലും പ്രശ്നമില്ലല്ലോ." മുകളിലെ വല അടിച്ചു കൊണ്ട് അമ്മ അവനെ ഒന്ന് നോക്കി. ദഹിച്ചു പോകുന്ന ഒരു നോട്ടം. "ഇവിടെ എൻ്റെ നിൻ്റെ എന്നൊന്നുമില്ല. എല്ലാം ഒരുപോലെയാ!" "എന്നാ പിന്നെ അടുക്കാം!" ഒന്ന് തിരിഞ്ഞുകിടന്നു കൊണ്ട് അവൻ കടുപ്പിച്ച് പറഞ്ഞു. നിലത്ത് കിടന്ന എന്തിലോ ചവിട്ടി വീഴാൻ പോയ അമ്മ ...

ഒരു മസ്സാജ് ഓർമ്മ

  "കൊള്ളാം! കൊറേ നാളത്തെ ആഗ്രഹമാണ് ഇത്. ഒരു സുഖമൊക്കെ ഉണ്ട്! കുളിയെന്ന് പറഞ്ഞപ്പോ ഇത്രയും കരുതിയില്ല. നല്ല തേച്ച് ഉരച്ച് കുളിപ്പിക്കുന്നുണ്ട്. നന്നായി വൃത്തിയാവട്ടെ. ലോകത്തിലെ ഏറ്റവും നല്ല മസാജ് സെൻ്ററിൽ ഇങ്ങനെ ഒക്കെ ആണെന്നാ കേട്ടിരിക്കുന്നേ... ശരിയായിരിക്കും. നമ്മൾ അനങ്ങാതെ ഇങ്ങനെ ഒക്കെ ചെയ്ത് കിട്ടുന്നത് ഒരു രസമുള്ള പരിപാടി തന്നെ. നാലും കാലിൻ്റെ താഴെയൊക്കെ ഒന്നൂടെ കഴുകാമായിരുന്നു.  സംഭവം ഒക്കെ കൊള്ളാം പക്ഷേ ഒരു പ്രൈവസി ഇല്ലല്ലോ. ഇതിപ്പോ എത്ര പേരാ... ആ പിന്നെ മുറിക്ക് നല്ല തണുപ്പ് ഉള്ളതുകൊണ്ട് കുഴപ്പമില്ല, ചൂടാണെങ്കിൽ ആൾ കൂടിയാൽ പ്രശ്നമാണ്. പറയണം? അത് വേണ്ട. കിടക്കാം...  വലിയ ബഹളം ഒന്നും ഇല്ലാത്തത് തന്നെ ഒരു ആശ്വാസം. സമാധാനം ഉണ്ട്... ശാന്തത. ഹാ പത്തൻപത് കൊല്ലം ജീവിച്ചിട്ട് ഇപ്പോളാണ് ഈ സാധനം ശരിക്ക് ഒന്ന് ആസ്വദിക്കുന്നത്. ഈ വെക്കേഷൻ പരിപാടി കൊള്ളാം. ജോലിയും വേണ്ട... വീടും വേണ്ട... നാട്ടുകാരും വേണ്ടാ.... പരമ സുഖം.... ഒരു പാട്ട് വച്ചിരുന്നേകിൽ കുറച്ച് കൂടെ സുഖം ആയേനെ... ശെടാ ഇതൊക്കെ ആർക്കെങ്കിലും ഒന്ന് അറിഞ്ഞ് ചെയ്ത് കൂടെ... ഒന്നുല്ലേലും ഞാൻ അല്ലേ ഇവിടെ വിഐപി... ശെടാ ഇതാരാ ...

ദേശാടനപ്പക്ഷിയുടെ അസ്തിത്വം

ദേശാടനപ്പക്ഷികളെപ്പോലെ ചില മനുഷ്യരുണ്ട്. സ്ഥിരമായി കുറച്ച് നേരത്തേക്ക് നമ്മുടെ ചുറ്റും കൂടുന്ന ചിലർ. യാത്ര പറഞ്ഞ ശേഷമുള്ള അവരുടെ പാത പലപ്പോഴും അജ്ഞാതമാകും. പിന്നീട് അടുത്ത വരവിന് ഒരു കുടം നിറയെ ഓർമ്മകളും വിശേഷങ്ങളുമായി അവർ വീണ്ടുമെത്തും. എൻ്റെ വീട്ടിൽ അങ്ങനെ ഒരാളുണ്ട്. രഘുവരൻ മാമൻ. രഘുറാം എന്ന എൻ്റെ പേരിനോട് സാമ്യമുള്ളതുകൊണ്ട് ആണോ എന്ന് അറിയില്ല മാമൻ്റെ വരവിനായി ഞാൻ കാത്തിരിക്കും. ആള് വന്നാൽ പിന്നെ ഒരു ഉത്സവമാണ്. ലോകം മുഴുവൻ കറങ്ങിയ ആൾ. ഒരുപാട് കഥകൾ. ഒരുപാട് ആളുകളുടെ ഓർമ്മകൾ. സങ്കടങ്ങളില്ലാത്ത ആഘോഷങ്ങൾ മാത്രമുള്ള ഒരാൾ. ആൾക്ക് നാട്ടിലും വീട്ടിലുമായി ഒരുപാട് ആരാധകൾ ഉണ്ട്. ഒരു നായക പരിവേഷം. നമ്മൾ പലരും സ്വപ്നം കാണുന്ന ജീവിതം, ജീവിക്കുന്ന ഒരാൾ. 39- ആം വയസ്സിന് മുൻപ് തന്നെ, അത്യാവശ്യം സമ്പാദിച്ച്, ജോലിയിൽ നിന്ന് വിരമിച്ച് തുടങ്ങിയ യാത്രകൾ. ഒരുതരം കെട്ടുപാടുകളിലും പെടാതെ പറന്ന് നടക്കുന്ന രഘു. "ഇവനൊന്നും വേറെ പണിയൊന്നും ഇല്ലേ?" "കള്ളക്കടത്ത് ഒക്കെ ആയിരുന്നു അവിടെ" "പഴയ ദാവൂദിൻ്റെ ആളാ" തുടങ്ങി രഘു മാമൻ കേൾക്കാത്ത അപവാദങ്ങൾ ഇല്ല. ചില കഥകൾ കേൾക്കുമ്പോൾ നമുക്കും തോന്...