"കൊള്ളാം! കൊറേ നാളത്തെ ആഗ്രഹമാണ് ഇത്. ഒരു സുഖമൊക്കെ ഉണ്ട്! കുളിയെന്ന് പറഞ്ഞപ്പോ ഇത്രയും കരുതിയില്ല. നല്ല തേച്ച് ഉരച്ച് കുളിപ്പിക്കുന്നുണ്ട്. നന്നായി വൃത്തിയാവട്ടെ. ലോകത്തിലെ ഏറ്റവും നല്ല മസാജ് സെൻ്ററിൽ ഇങ്ങനെ ഒക്കെ ആണെന്നാ കേട്ടിരിക്കുന്നേ... ശരിയായിരിക്കും. നമ്മൾ അനങ്ങാതെ ഇങ്ങനെ ഒക്കെ ചെയ്ത് കിട്ടുന്നത് ഒരു രസമുള്ള പരിപാടി തന്നെ. നാലും കാലിൻ്റെ താഴെയൊക്കെ ഒന്നൂടെ കഴുകാമായിരുന്നു.
സംഭവം ഒക്കെ കൊള്ളാം പക്ഷേ ഒരു പ്രൈവസി ഇല്ലല്ലോ. ഇതിപ്പോ എത്ര പേരാ... ആ പിന്നെ മുറിക്ക് നല്ല തണുപ്പ് ഉള്ളതുകൊണ്ട് കുഴപ്പമില്ല, ചൂടാണെങ്കിൽ ആൾ കൂടിയാൽ പ്രശ്നമാണ്. പറയണം? അത് വേണ്ട. കിടക്കാം...
വലിയ ബഹളം ഒന്നും ഇല്ലാത്തത് തന്നെ ഒരു ആശ്വാസം. സമാധാനം ഉണ്ട്... ശാന്തത. ഹാ പത്തൻപത് കൊല്ലം ജീവിച്ചിട്ട് ഇപ്പോളാണ് ഈ സാധനം ശരിക്ക് ഒന്ന് ആസ്വദിക്കുന്നത്. ഈ വെക്കേഷൻ പരിപാടി കൊള്ളാം. ജോലിയും വേണ്ട... വീടും വേണ്ട... നാട്ടുകാരും വേണ്ടാ.... പരമ സുഖം....
ഒരു പാട്ട് വച്ചിരുന്നേകിൽ കുറച്ച് കൂടെ സുഖം ആയേനെ... ശെടാ ഇതൊക്കെ ആർക്കെങ്കിലും ഒന്ന് അറിഞ്ഞ് ചെയ്ത് കൂടെ... ഒന്നുല്ലേലും ഞാൻ അല്ലേ ഇവിടെ വിഐപി...
ശെടാ ഇതാരാ ഈ വരുന്നത്. എവിടെയോ കണ്ട പരിചയം ഉണ്ടല്ലോ... ഓ ഓർമ്മ വരുന്നില്ല... ശ്ശേ എന്നാലും ഇവിടെ വച്ചാണ്. ആഹാ പുതിയ ഡ്രസ്സ് ഒക്കെ ഉണ്ടല്ലോ. ഈ പരിപാടി കൊള്ളാം! ഒരു പുതിയ പെർഫ്യൂം കൂടെ ഉണ്ടേൽ നന്നായേനെ... വല്ല Dior ഓ മറ്റോ... അത് പോട്ടേ... പിന്നീടാകാം...
ഏഹ് നല്ല മണം വരുന്നുണ്ടല്ലോ... ചന്ദനം... പെർഫ്യൂം ആണ്... ഏയ്... മറ്റെന്തോ ആണോ... ഓ റൂം ഫ്രഷ്നർ.... ഏയ് അല്ലല്ല... ഒരു രൂക്ഷ ഗന്ധം...
ഓ ചന്ദനത്തിരി. അത് പറ... ഞാനും കരുതി...
നല്ല സുഖം നല്ല തണുപ്പ്... ഇനി ഒന്ന് ഉറങ്ങണം...
ഉച്ച ആയെന്ന് തോന്നുന്നു. ഹേയ് ജനലിനപ്പുറം എന്തോ ഉണ്ടല്ലോ... പോസ്റ്ററോ? ഫ്ലെക്സൊ?? അങ്ങ് ക്ലിയർ ആകുന്നില്ല...
കണ്ണട ഇല്ല...ശ്ശേ.... എന്നാലും എന്താ അത് എഴുത്ത്?"
മങ്ങിയ ആ ഫോട്ടോയുടെ താഴെ.... വലിയ നീല അക്ഷരങ്ങളിൽ ജയൻ (54).
~Jaykoo
.png)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ