ശാന്ത സുന്ദരമായ ഒരു വെളുപ്പാൻ കാലം. ചൂലിൻ്റെ പുറകുവശം കൊണ്ട് നല്ല ഒരു അടി കാലിന് കിട്ടിക്കൊണ്ടാണ് രാവിലെ കണ്ണ് തുറക്കുന്നത്. പത്ത് മണിയായിട്ടും എണീക്കാത്തതിന്റെ അല്ല! മുറി ആകെ അലങ്കോലമാണ്. ഇന്നലെ വൃത്തിയാക്കിക്കോളാം എന്ന് അമ്മയോട് പറഞ്ഞതാണ്. ചെയ്തില്ല. മടി. "എന്താടാ ഇന്നും ഇങ്ങനെയൊക്കെ തന്നെയാണോ" ശാന്തമായ ഉറക്കം അശാന്തമായി തീർന്നിരുന്നു. അവൻ തലയണ എടുത്ത് മുഖംമൂടി "ഒന്ന് പോ അമ്മ! ആകെ കിട്ടുന്ന ഒരു ഞായറാഴ്ചയാണ് ഇന്നെങ്കിലും ഉറങ്ങിക്കോട്ടെ." തലയണയുടെ വിടവിലൂടെ അവൻ പറഞ്ഞു. "ഈ മുറി അടുക്കാതെ. ഒരു ഉറക്കവും വേണ്ട!" മുകളിലെ മച്ചിലേക്ക് നോക്കിക്കൊണ്ട് അമ്മ. "എന്താ അമ്മ! എൻ്റെ മുറിയല്ലേ! ആരും കേറണ്ട. ഞാൻ മാത്രം കേറിക്കോളാ. അപ്പൊ ഇങ്ങനെ കിടന്നാലും പ്രശ്നമില്ലല്ലോ." മുകളിലെ വല അടിച്ചു കൊണ്ട് അമ്മ അവനെ ഒന്ന് നോക്കി. ദഹിച്ചു പോകുന്ന ഒരു നോട്ടം. "ഇവിടെ എൻ്റെ നിൻ്റെ എന്നൊന്നുമില്ല. എല്ലാം ഒരുപോലെയാ!" "എന്നാ പിന്നെ അടുക്കാം!" ഒന്ന് തിരിഞ്ഞുകിടന്നു കൊണ്ട് അവൻ കടുപ്പിച്ച് പറഞ്ഞു. നിലത്ത് കിടന്ന എന്തിലോ ചവിട്ടി വീഴാൻ പോയ അമ്മ ചൂലിൻ്റെ പുറകുവശം വച്ച് ഒന്നും കൂടെ കൊടുത്തു. "എണീറ്റ് പോടാ!" "ഈ മുറി ഇങ്ങനെ കിടക്കട്ടെ അമ്മേ! അതിനിപ്പോ എന്താ പ്രശ്നം! എന്ത് സുഖമുണ്ട് ഇങ്ങനെ കാണാൻ. ആകെ അലങ്കോലമായി കിടക്കുന്നത് കാണാൻ തന്നെ ഒരു ഐശ്വര്യമാ!" "ഉവ്വ്... ആക്രി കടയിൽ ഇതിലും വൃത്തിയുണ്ട്!" "അമ്മേ! സ്വന്തം മുറി നല്ല ശവപ്പെട്ടി പോലെയാവണം. സുഖമായി എത്ര നേരം വേണമെങ്കിലും എങ്ങനെ വേണമെങ്കിലും, ഏത് രീതിയിൽ വേണമെങ്കിലും കിടക്കാൻ പറ്റണം. കിടന്നു കഴിഞ്ഞാൽ പിന്നെ ആരും ചോദിക്കരുത് പറയരുത്! സുഖം. സ്വസ്ഥം." "ആ അപ്പൊ ശവമാണ്!" മറുപടി പറയാതെ കാലിൻ്റെ അറ്റത്ത് കിടക്കുന്ന റോസാപ്പൂക്കൾ നിറഞ്ഞ വെള്ള പുതപ്പ് എടുത്ത് തല വഴി മൂടി അവൻ കിടന്നു. ഇനിയെന്ത് പറയാനാ എന്ന് മട്ടിൽ അടിച്ചു വാരിയതെല്ലാം അവിടെത്തന്നെ ഇട്ടിട്ട് അമ്മ മുറിവിട്ട് ഇറങ്ങി. വീണ്ടും ശാന്തി. ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് കാണും. അവൻ കണ്ണു തുറന്നു. ആ വെള്ള പുതപ്പ് മാറ്റി, കണ്ണ് തിരുമ്മിക്കൊണ്ട് ചുറ്റിലും നോക്കി എഴുന്നേറ്റു. ചുവരിൽ ഉള്ള അമ്മയുടെ പടം നോക്കി ചിരിച്ചുകൊണ്ട് അവൻ അടുത്ത മുറിയിലേക്ക് നീങ്ങി... പാത്രങ്ങളുടെ ബഹളത്തിനിടയിൽ ആ മുറിയിൽ എങ്ങും വീണ്ടും അശാന്തി പടർന്നു.
~Jaykoo
.png)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ