രാവിലെ കണ്ണ് തുറന്ന നായരേട്ടൻ ആദ്യം പഴിച്ചത് സമയത്ത് കൂവാൻ മറന്ന കോഴിയെ ആയിരുന്നു. നേരം വൈകിയിരിക്കുന്നു. ജി.ഡി.പി യും എഫ്.ഡി.ഐയുമൊക്കെ കുതിക്കുന്നത് കണ്ട് കോഴിയും മടിയനായോ? സമയം വൈകിയ രോഷം മുഖത്ത് പ്രകടമാക്കി തന്നെ പ്രഭാത കൃത്യങ്ങൾ എല്ലാം നായരേട്ടൻ തീർത്തു. ആഹാരത്തിന് മുൻപുള്ള സ്റ്റാർട്ടർ പെട്ടി തുറന്നു. വിഭവസമൃദ്ധമായ ഔഷധ സേവയ്ക്ക് ശേഷം, ലഘു ഭക്ഷണം. വീടിന്റെ ഉമ്മറത്ത് കൃത്യം ഏഴ് മണിക്ക് ചായയും പ്രിയ പത്രം മനോമരുവുമായി ഇരിക്കുന്ന പതിവ് ഇന്ന് ഒൻപതിലേക്ക് തള്ളപ്പെട്ടു. എറണാകുളം മുതൽ തിരുവനന്തപുരം, ഡൽഹി വഴി റഷ്യയിലേക്കും പിന്നീട് അമേരിക്കയിലേക്കും ഒരു യാത്ര നടത്തി. അപ്പോഴാണ് ഒന്ന് കാണുന്നത്. "രൂപ വീണ്ടും ഇടിഞ്ഞു!" നായരേട്ടൻ ഒന്ന് ഞെട്ടി. മനോമരു മടക്കി മനോഗതം പറഞ്ഞ് നായരേട്ടൻ അകത്തേക്ക് ഓടി. നാട്ടിലെ സഹകരണ പ്രസ്ഥാനത്തിൽ നിന്ന് കിട്ടിയ അഞ്ഞൂറിൻ്റെ ആറ് നോട്ടുകൾ ഒന്ന് പൊക്കി തിരിച്ചും മറിച്ചും നോക്കി. ഈ സാമ്പത്തിക മാസത്തെ ഗൃഹധനവ്യയത്തിനുള്ള നീക്കിയിരുപ്പാണ്! വിളക്കിന്റെ ചുവട്ടിൽ പിടിച്ച് നോക്കിയ നായരേട്ടൻ നീണ്ട ഒരു നെടുവീർപ്പിട്ടു! "ഇല്ല! ഇവിടെ മൂല്യം ഇടിഞ്ഞിട്ടില്ല! ദില്ലിയില...