ശാന്ത സുന്ദരമായ ഒരു വെളുപ്പാൻ കാലം. ചൂലിൻ്റെ പുറകുവശം കൊണ്ട് നല്ല ഒരു അടി കാലിന് കിട്ടിക്കൊണ്ടാണ് രാവിലെ കണ്ണ് തുറക്കുന്നത്. പത്ത് മണിയായിട്ടും എണീക്കാത്തതിന്റെ അല്ല! മുറി ആകെ അലങ്കോലമാണ്. ഇന്നലെ വൃത്തിയാക്കിക്കോളാം എന്ന് അമ്മയോട് പറഞ്ഞതാണ്. ചെയ്തില്ല. മടി. "എന്താടാ ഇന്നും ഇങ്ങനെയൊക്കെ തന്നെയാണോ" ശാന്തമായ ഉറക്കം അശാന്തമായി തീർന്നിരുന്നു. അവൻ തലയണ എടുത്ത് മുഖംമൂടി "ഒന്ന് പോ അമ്മ! ആകെ കിട്ടുന്ന ഒരു ഞായറാഴ്ചയാണ് ഇന്നെങ്കിലും ഉറങ്ങിക്കോട്ടെ." തലയണയുടെ വിടവിലൂടെ അവൻ പറഞ്ഞു. "ഈ മുറി അടുക്കാതെ. ഒരു ഉറക്കവും വേണ്ട!" മുകളിലെ മച്ചിലേക്ക് നോക്കിക്കൊണ്ട് അമ്മ. "എന്താ അമ്മ! എൻ്റെ മുറിയല്ലേ! ആരും കേറണ്ട. ഞാൻ മാത്രം കേറിക്കോളാ. അപ്പൊ ഇങ്ങനെ കിടന്നാലും പ്രശ്നമില്ലല്ലോ." മുകളിലെ വല അടിച്ചു കൊണ്ട് അമ്മ അവനെ ഒന്ന് നോക്കി. ദഹിച്ചു പോകുന്ന ഒരു നോട്ടം. "ഇവിടെ എൻ്റെ നിൻ്റെ എന്നൊന്നുമില്ല. എല്ലാം ഒരുപോലെയാ!" "എന്നാ പിന്നെ അടുക്കാം!" ഒന്ന് തിരിഞ്ഞുകിടന്നു കൊണ്ട് അവൻ കടുപ്പിച്ച് പറഞ്ഞു. നിലത്ത് കിടന്ന എന്തിലോ ചവിട്ടി വീഴാൻ പോയ അമ്മ ...