ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നായരേട്ടൻ്റെ മനോമരു


രാവിലെ കണ്ണ് തുറന്ന നായരേട്ടൻ ആദ്യം പഴിച്ചത് സമയത്ത് കൂവാൻ മറന്ന കോഴിയെ ആയിരുന്നു. നേരം വൈകിയിരിക്കുന്നു. ജി.ഡി.പി യും എഫ്.ഡി.ഐയുമൊക്കെ കുതിക്കുന്നത് കണ്ട് കോഴിയും മടിയനായോ?

സമയം വൈകിയ രോഷം മുഖത്ത് പ്രകടമാക്കി തന്നെ പ്രഭാത കൃത്യങ്ങൾ എല്ലാം നായരേട്ടൻ തീർത്തു. ആഹാരത്തിന് മുൻപുള്ള സ്റ്റാർട്ടർ പെട്ടി തുറന്നു. വിഭവസമൃദ്ധമായ ഔഷധ സേവയ്ക്ക് ശേഷം, ലഘു ഭക്ഷണം.


വീടിന്റെ ഉമ്മറത്ത് കൃത്യം ഏഴ് മണിക്ക് ചായയും പ്രിയ പത്രം മനോമരുവുമായി ഇരിക്കുന്ന പതിവ് ഇന്ന് ഒൻപതിലേക്ക് തള്ളപ്പെട്ടു. എറണാകുളം മുതൽ തിരുവനന്തപുരം, ഡൽഹി വഴി റഷ്യയിലേക്കും പിന്നീട് അമേരിക്കയിലേക്കും ഒരു യാത്ര നടത്തി. അപ്പോഴാണ് ഒന്ന് കാണുന്നത്.


"രൂപ വീണ്ടും ഇടിഞ്ഞു!" നായരേട്ടൻ ഒന്ന് ഞെട്ടി.

മനോമരു മടക്കി മനോഗതം പറഞ്ഞ് നായരേട്ടൻ അകത്തേക്ക് ഓടി.


നാട്ടിലെ സഹകരണ പ്രസ്ഥാനത്തിൽ നിന്ന് കിട്ടിയ അഞ്ഞൂറിൻ്റെ ആറ് നോട്ടുകൾ ഒന്ന് പൊക്കി തിരിച്ചും മറിച്ചും നോക്കി. ഈ സാമ്പത്തിക മാസത്തെ ഗൃഹധനവ്യയത്തിനുള്ള നീക്കിയിരുപ്പാണ്! വിളക്കിന്റെ ചുവട്ടിൽ  പിടിച്ച് നോക്കിയ നായരേട്ടൻ നീണ്ട ഒരു നെടുവീർപ്പിട്ടു!


"ഇല്ല! ഇവിടെ മൂല്യം ഇടിഞ്ഞിട്ടില്ല! ദില്ലിയിലാകും!" നോട്ട് കെട്ടുകൾ ചെമ്പ് പെട്ടിയിൽ പൂട്ടി.


"എന്നോടാ അമേരിക്കയുടെ കളി?!" ആഹ്ലാദചിരിയോടെ നായരേട്ടൻ ഉമ്മറത്തേക്ക് ചെന്നു.


താനിരുന്ന സ്ഥലം കണ്ട് നായരേട്ടൻ പതറി. തൊണ്ട ഇടറി.


ഇല്ല! മനോമരു കാണുന്നില്ല! റൂട്ട് മാപ്പുകൾ ഇല്ലാതെ നായരേട്ടൻ തേടൽ ആരംഭിച്ചു. "മനോമരു പോയാൽ പത്തായത്തിലും തപ്പണം എന്നാണല്ലോ!"


പത്തായത്തിലെ അഗാധ ഗർത്തങ്ങളിൽ നിന്ന് പുണ്യപുരാതന തകിടുകളൊക്കെ കിട്ടിയെങ്കിലും മനോമരു കിട്ടിയില്ല. ഉച്ച ഭക്ഷണം വരെ തള്ളി നീക്കേണ്ടത് മനോമരു സേവയിലൂടെയാണ്!


"ഇനി എന്ത് ചെയ്യും? തേടാം!!!"


11 മണിയോടെ ഒരു തീരുമാനമായി! മോഷ്ടിച്ചിരിക്കുന്നു! ശ്രീ. നായരേട്ടന്റെ വീട്ടിൽ നിന്നും!


പ്രിയ മനോമരുവുമായി മോഷ്ടാവ് കടന്ന് കളഞ്ഞിരിക്കുന്നു!


മ്ലാനമുഖവുമായി നായരേട്ടൻ ഉമ്മറപ്പടിയിൽ ഇരുപ്പായി.


"അതേ! ചായകുടി കഴിഞ്ഞാൽ ആ ഗ്ലാസ് ഒന്ന് തരണേ!!!" അടുക്കളയിൽ നിന്ന് ഒരു അശരീരി. ഭാര്യയാണ്!


മൗനം മറുപടിയായി, പഠിപ്പുരയിൽ തുറിച്ച് നോക്കി നായരേട്ടൻ ഒരേ ഇരുപ്പ്.


"അത്ര വിഷമം ആണേൽ നിങ്ങൾക്ക് ആ സ്റ്റേഷനിൽ പോയി ഒരു സമർപ്പണം നടത്തരുതോ?" മൗനഭാഷണാന്ത്യം ഭാര്യയുടെ ശാസനം.


ബുദ്ധി ശൂന്യതയുടെ മൂർദ്ധന്യത്തിൽ, മറ്റ് വഴികളില്ലാതെ, ഭാര്യോപദേശവുമായി മുന്നോട്ടിറങ്ങാൻ നായരേട്ടൻ തീരുമാനമാക്കി.


മുന്നിൽ വരാൻ തയ്യാറായിനിൽക്കുന്ന പ്രതിസന്ധികൾ ഒന്നും അറിയാതെ, വെള്ളയും വെള്ളയും ധരിച്ച്, രംഗപ്രവേശം ചെയ്യുന്ന പ്രതിശ്രുത വരനെ പോലെ നായരേട്ടൻ ഒരുങ്ങി. മുനയൊടിഞ്ഞ കാലൻ കുടയുമെടുത്ത്, മനോമരുവിൻ്റെ ഓർമ്മയും പേറി, ഈ ദുരവസ്ഥയ്ക്ക് കാരണമായ കൃഷ്ണനെ ഒളികണ്ണിട്ട് നോക്കി, നായരേട്ടൻ പഠിപ്പുര വിട്ടു.


നികുതിദായക ഫലകത്തിന്റെ പുറത്തായതിനാൽ, ഉത്തവാദിത്വമുള്ള പൗരനെന്ന നിലയിൽ, സർക്കാർ വണ്ടിയെ ആശ്രയിക്കാതെ നടക്കുവാൻ തന്നെ തീരുമാനിച്ചു ശ്രീ. നായരേട്ടൻ.


വഴിയിൽ ആരേയൊക്കെയോ കണ്ടു. മിണ്ടിയില്ല! മനസ്സിൽ മനോമരു മാത്രം.


നായരേട്ടന്റെ മനോമരു!


മൈക്കുമേന്തി അമിത വേഗ ശകടങ്ങളിൽ പായുന്ന വർഗ്ഗ സമര പ്രസ്ഥാന നായകർക്ക് മുന്നിലൂടെ, സ്വന്തം ഉദരാർത്തി ശമന സമരത്തിന് പോലും കെൽപ്പില്ലാത്ത നായരേട്ടൻ തലകുനിച്ച് നടന്നു.


നവ മൈത്രി തിളങ്ങി നിൽക്കുന്ന സ്റ്റേഷനിലെ കാക്കി ധാരികൾ, വിളക്ക് നൽകി നായരേട്ടനെ അകത്തേക്ക് ആനയിച്ചു.


പുതു മോഡിയിൽ സഭയിലേക്ക് രംഗ പ്രവേശം ചെയ്യുന്ന ജന പ്രതിനിധിയെപോലെ സ്വന്തമെന്ന സ്വത്വവുമേന്തി നായരേട്ടൻ കസേരയിലിരിപ്പുറപ്പിച്ചു.


"മും?"


ഡോൾബി സിസ്റ്റമുള്ള തീയേറ്റർ പോലെ ആ മൂളക്കം മുറിയാകെ അലയടിച്ചു. നായരേട്ടൻ തിരിഞ്ഞു. എസ് ഐ ആണ്.


"മോഷണം!"


"എൻ്റെ രാജ്യത്തോ!!!"


"അല്ല എൻ്റെ വീട്ടിലാണ്!" അജാനുബാഹുവായ എസ് ഐക്ക് മുന്നിൽ നിസാരനായ നായരേട്ടൻ ഒച്ച ഒതുക്കി പറഞ്ഞു.


"മ്..." കറയിൽ കുതിർന്ന ഒരു വെള്ള പെപ്പർ നായരേട്ടൻ്റെ മുന്നിലേക്ക് അയാൾ നീട്ടി.


"മ്...പരാതി ബോധിപ്പിച്ചോളൂ!"


പ്രിയ സാറിന്,

ഇന്നേ ദിവസം പ്രഭാത സമയേ, മമ ഗൃഹത്തിൽ നിന്നും മനോമരു മോഷണം നടന്നു. അതില്ലാതെ ഉച്ച ഭക്ഷണം ഇറങ്ങില്ലെനിക്ക്! അതിനാൽ എത്രയും വേഗം എൻ്റെ മനോമരുവിനായുള്ള തിരച്ചിൽ ആരംഭിച്ച് എൻ്റെ ഉദരപ്രശ്‌നം തീർപ്പാക്കണം എന്ന് അപേക്ഷ.


എന്ന്

നായരേട്ടൻ

ഒപ്പ്


പരാതി കണ്ടപാടെ എസ് ഐയുടെ പിരിച്ച മീശ വിറച്ചു. കണ്ണ് പഴുത്ത് ചുമന്നു. വിണ്ണിലേക്ക് നോക്കി ഭിത്തിയിലിരുന്ന ഗണ്ണ് പാൻ്റിൻ്റെ പൊത്തിലാഴ്ത്തി.


ഏട്ടഗൃഹത്തിലേക്ക് കുതിക്കുവാൻ സ്റ്റേഷനിലെ സർവ്വ സന്നാഹങ്ങളും തയ്യാറായി.


"പ്രതി താനാവരുതേ" എന്ന പ്രാർത്ഥനയോടെ ഓരോ സേനാങ്കങ്ങളും സ്വന്തം ശകടങ്ങളിൽ ആസനസ്ഥരായി. കൂടെ നായരേട്ടനും. വീട്ടിൽ നിന്ന് പോയ മനോമരുവും വീട്ടിലേക്ക് ചേക്കേറുന്ന സ്റ്റേഷനും നായരേട്ടൻ്റെ മനസ്സിനെ പിടിച്ച് കുലുക്കികൊണ്ടേ ഇരിക്കുന്നു.


വാദ്യ മേള അകമ്പടിയോടെ മുന്നോട്ടെടുത്ത യാത്ര ഒരടി പോലും മുന്നിലേക്ക് നീങ്ങിയില്ല. സമരക്കാർക്ക് മുന്നിൽ പോലീസെന്ന പോലെ പോലീസിന് മുന്നിൽ നാട്ടുകാർ ധൈര്യം ആയുധമാക്കി നിലകൊണ്ടു.


"ആരെടാ തടയാൻ" എസ് ഐ യുടെ വക.


തെങ്ങുകയറ്റക്കാരൻ തുമ്പൻ മുതൽ നാട്ടിലെ ഏക എഞ്ചിനീയർ തമ്പാൻ വരെയുള്ള കൂട്ടത്തിൽ നിന്ന്, ഒരു വെള്ള വസ്ത്രദ്ധാരി മുന്നോട്ട് വന്നു. മാഷാണ്. പീലി മാഷ്.  അന്നാട്ടിലെ കണക്കറിയാവുന്ന എല്ലാരേയും കണക്ക് പഠിപ്പിച്ച മാഷാണ്. ഇന്നിപ്പോ മാഷിനോട് കണക്ക് പറയാത്തവരായി ബാക്കി ആരുമില്ലെങ്കിലും നാടിന് വേണ്ടിയാകുമ്പോ മാഷ് ചാടി വീഴും.


"ഞങ്ങൾ ഒരു പരാതി ബോധിപ്പിക്കാൻ..." അധികാരത്തിലുള്ള വിശ്വാസക്കുറവ് മാഷിൻ്റെ സ്വരത്തിൽ തന്നെ പ്രകടമായിരുന്നു.


"മാഷ് ഇരിക്ക്!" പറഞ്ഞത് കോൺസ്റ്റബിൾ കുട്ടേശ്വരനാണ്. എസ് ഐ മിണ്ടിയില്ല. പണ്ട് കണക്കിന് തോറ്റ വിഷമം ആക്കും.


കുരുക്ഷേത്ര യുദ്ധം പോലെ പോലീസും നാട്ടുകാരും അന്യോന്യം നോക്കി ഗാന്ധി പ്രതിമ കണക്കെ നിന്നു.


രഥം തെളിക്കുന്നവന് മുന്നിൽ ചൂട്ട് പിടിച്ച് കൊടുക്കുന്നയാളെ പോലെ, കുട്ടേശ്വരൻ മാഷിന് വഴികാട്ടിയായി സ്റ്റേഷനുള്ളിലേക്ക് നടന്നു.


പരാതിബോധനത്തിലേക്ക് അവർ കടന്നു.


നിമിഷങ്ങൾ കഴിഞ്ഞപ്പോൾ, അറ്റോമിക് സ്ഫോടകങ്ങളെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ഒരു വിളി.


"സാർ...!!"


ഞെട്ടി തെറിച്ച മാലോകർക്ക് മുന്നിൽ എസ് ഐ ഭാവ വ്യത്യാസങ്ങൾ ഒന്നും ഇല്ലാതെ തിരിഞ്ഞു.


"സാർ!!! മോഷണം! നാട് മുഴുവൻ മോഷണം!!!"


യുദ്ധഭൂമിയിൽ അങ്കച്ചുരിക വിറയ്ക്കുമാറ് എസ് ഐ യുടെ മീശയിളകി.


"പണമോ പണ്ടമോ?" എസ് ഐയുടെ ഗർജ്ജനം.


"രണ്ടുമല്ല സാർ! എല്ലാവർക്കും നായരേട്ടൻ്റെ അതേ അവസ്ഥയാണ്! മനോമരു!!!" കുട്ടേശ്വരൻ മൊഴിഞ്ഞു.


ദിവസക്കൂലി കിട്ടാതെ കടലിൽ താഴുന്ന സൂര്യൻ കണക്കെ നായരേട്ടൻ്റെ മുഖം മങ്ങി. "ഏതോ വലിയ കള്ളനാണ്. ആൻ എടുക്കേറ്റഡ് തീഫ്!". നായരേട്ടൻ്റെ മനോഗതം ശബ്ദ രൂപത്തിൽ അവിടമെങ്ങും വ്യാപിച്ചു. പീലി മാഷ് നായരേട്ടനെ ഒന്ന് നോക്കി.


മനോമരു കള്ളൻ ഒരു ആഗോളപ്രശ്‌നമായി മാറിയിരിക്കുന്നു. സി ഐ എയും കെ ജി ബിയുമൊക്കെ ഇനി ഇവനെ തേടി വരുമോ എന്ന ആശങ്ക എസ് ഐ യുടെ മനസ്സിൽ തെളിഞ്ഞു. ഒരു ആഗോളതലയ്ക്കും ഈ കൊച്ചുണ്ണിയെ വിട്ടുനൽകില്ലെന്ന എസ് ഐയുടെ ദൃഢപ്രതിജ്ഞ "എസ് ഐയിൻ ശപഥം" എന്ന് അറിയപ്പെട്ടു. ഈ പേരിടൽ കർമ്മത്തിൻ്റെ ഫലകസ്ഥാപനം, അവിടെ കൂടിയ നാട്ടുകാരെകൊണ്ട് തന്നെ എസ് ഐ നടത്തി.


"എസ് ഐ സാർ ഒരു ഭയങ്കരൻ തന്നെ! എത്ര പെട്ടെന്നാണ് തീരുമാനമാക്കിയത്!!!" നാട്ടുകാർ കൂട്ടമായി എസ് ഐയെ കൈയടികളാൽ പൊതിഞ്ഞു. ആഹ്ലാദാശ്രുക്കൾ പൊഴിച്ചുകൊണ്ട് നാട്ടുകാർ പതിയെ തിരികെ നടന്നു. കൂടെ നായരേട്ടനും.


എല്ലാവരെയും പോലെ അകാരണമായ ആഹ്ലാദത്തിൽ സന്തുഷ്ടനായ നായരേട്ടൻ, പക്ഷെ സ്റ്റേഷൻ്റെ മായാമതിൽകെട്ടിന് വെളിയിലേക്ക് ഇറങ്ങിയപ്പോൾ വീണ്ടും നിരാശയുടെ പടുകുഴിയിലേക്ക് വീണു.


"ഇനി എന്ന് കിട്ടാനാണ്?" നട്ടപ്പകലിൽ ഇനി എങ്ങനെ ഊണ് കഴിക്കുമെന്ന ചിന്ത നായരേട്ടനെ ഉലച്ചു.


പൊടുന്നനെ, വില്ലുകുലയ്ക്കുമാറ്, വിണ്ണ് പിളർക്കുമാറ് ഒരു ശബ്ദം. "കിട്ടിയിരിക്കണു... കിട്ടിയിരിക്കണു... തസ്കര ശ്രേഷ്ഠനെ കണ്ട് കിട്ടിയിരിക്കണു." വെളിച്ചപ്പാടാണ്! കൈയിൽ വാളുമുണ്ട്! തലയെടുത്തോ എന്ന ആശങ്കയിൽ നായരേട്ടൻ ഓടി.


ആളുകൾ ഓടി കൂടി. അയാളുടെ തല വെളിച്ചപ്പാടിൻ്റെ കയ്യിൽ ഉണ്ട്! ഉടലും! വേർപെട്ടിട്ടില്ല.


"ആശ്വാസം" നായരേട്ടനൊപ്പം ചുറ്റും നിന്നവരെല്ലാം ഓരിയിട്ടു. ആ കൂട്ടത്തിൽ കേമനെന്നവണ്ണം ഗോചരമായ മുഖമൂടിയുള്ള കള്ളൻ മാത്രം വ്യത്യസ്തനായി നിന്നു.


കാർവർണ്ണനായ ഒരുവനെ പ്രതീക്ഷിച്ച മാലോകരെ അത്ഭുത പരവശരാക്കി ശ്വേതവർണ്ണപൂർണ്ണനായ ഒരു മേനിക്ക് ഉടമയായ കള്ളൻ കൂട്ടത്തിൽ തിളങ്ങി.


നായരേട്ടൻ സൂക്ഷിച്ച് നോക്കി. "കള്ളനെന്ന് വിളിക്കാൻ തോന്നുന്നില്ല." ചീർത്ത ശരീരവും വടിവൊത്ത വെള്ള വസ്ത്രവുമൊക്കെ ധരിച്ച ഒരു മാന്യൻ. വേണമെങ്കിൽ ഒരുതവണ നിയമസഭ കാണിക്കാൻ പോലും യോഗ്യൻ. "ശെടാ എന്നാലും ഇവനെന്തിനാ എൻ്റെ മനോമരു എടുത്തത്. വേറെ ഒരെണ്ണം വാങ്ങരുതോ? കണ്ടാൽ അത്യാവശ്യം ഉള്ള വീട്ടിലെ ആണല്ലോ"


"ഊരെടോ അവൻ്റെ മുഖചട്ട. കാണട്ടെ മാന്യനെ!" കള്ളനെ തല്ലാൻ മറന്ന കൂട്ടത്തിൽ നിന്ന് ആരോ അലറി. "തൊടരുതവനെ!" സ്കൂൾ അസംബ്ലിയിൽ വൈകി വന്ന പ്രിൻസിപ്പാളിനെപോലെ ആളുകളെ വകഞ്ഞ് മാറ്റി കോൺസ്റ്റബിൾ കുട്ടേശ്വരൻ്റെ രംഗപ്രവേശം.


നിമിഷങ്ങൾക്ക് ഉള്ളിൽ ദേവിയുടെ കൈകളിൽ നിന്ന് പോലീസിൻ്റെ കൈകളിലേക്ക് മോഷ്ടാവ് ചേക്കേറി. നിയമ വാഴ്ചയ്ക്ക് മുകളിൽ നര നീതിയുടെ കടിഞ്ഞാൺ എന്നപോലെ കൂട്ടം കുട്ടേശ്വരനെ വളഞ്ഞു.


മനോമരു എടുത്ത മാനവേന്ദ്രൻ്റെ വദന ദർശന സൗഭാഗ്യം ലഭിക്കാതെ ആരും കളം വിടില്ലെന്ന് കുട്ടേശ്വരന് വ്യക്തമായി. "എന്നാൽ പിന്നെ ഈ കർത്തവ്യം അങ്ങ് കഴിച്ചേക്കാം. അല്ലേ" നായരേട്ടനെ നോക്കി കുട്ടേശ്വരൻ മൊഴിഞ്ഞു. 'അതേ' എന്ന മട്ടിലുള്ള നായരേട്ടൻ്റെ കഴുത്തുലഞ്ഞു.


ദയനീനായ ശ്രീ. മോഷ്ടാവിൻ്റെ മൂടുപടം കുട്ടേശ്വരൻ പയ്യെ നീക്കി. ദൂരെയുള്ള ഭോജനദ്രവ്യം തേടുന്ന ജിറാഫ് കണക്കെ പല തലകളും കൂട്ടത്തിൽ പൊങ്ങി നിന്നു.


തല തെളിഞ്ഞപ്പോൾ കൂട്ടത്തിലെ എല്ലാ കണ്ണുകളും അദ്ഭുത പരവശരായി. "അല്ല. ഇത് സത്യാന്വേഷി ഉണ്മാനന്ദനല്ലേ?" പീലി മാഷിൻ്റെ മനസ്സിലെ അത്ഭുതം വാചാലമായി.


"ആരാ ഈ സത്യാന്വേഷി ഉണ്മാനന്ദൻ???" കൂട്ടത്തിലെ മുറുമുറുപ്പിൽ ഈ ചോദ്യം പലരും പലകുറി ആവർത്തിച്ചു.


നായരേട്ടൻ തൊഴുകൈകളോടെ ഉണ്മാനന്ദനെ നോക്കി. "ഇദ്ദേഹം ആരെന്നറിയില്ലേ? നമ്മുടെയൊക്കെ വഴികാട്ടി. മനോമരുവിൻ്റെ പത്രാധിപർ. സത്യം ജയിക്കുവാൻ ഏതറ്റം വരെയും പോകുന്ന ദീർഘ ദർശി! പത്മശ്രീ നേടാൻ യോഗ്യതയുണ്ടായിട്ടും, സത്യം തടസ്സമായി വന്നതിനാൽ, വേണ്ടെന്ന് വച്ച മഹാ മനസ്കൻ. ഏത് അഗാധ ഗർത്തത്തിലും ഒളിഞ്ഞിരിക്കുന്ന സത്യം മണത്തെടുക്കുവാൻ കഴിവുള്ള ഘ്രാണയോഗപ്രതാപി.

അങ്ങനെ പൂർണ്ണ രൂപേ പൂർണ്ണ ഭാവേ, സത്യ മനുഷ്യനായ

ഇദ്ദേഹത്തിന് ഗാന്ധിജി നൽകിയ പേരാണ് സത്യാന്വേഷി

ഉണ്മാനന്ദൻ! ഈ പ്രദേശത്തെ ഏറ്റവും വലിയ മഹാനുഭാവൻ"


"ഇവനോ?" പുച്ഛധാരിയായ ഒരു ചെറിയ ശബ്ദം.


"ഇവനല്ല! ഇദ്ദേഹം! ഇദ്ദേഹം!!!" പീലി മാഷ് തിരുത്തി.


"അങ്ങെന്താ ഇവിടെ?" ഉണ്മാനന്ദൻ മിണ്ടുന്നില്ല. ചോദ്യങ്ങൾക്ക് തല വയ്ക്കാതെ നോട്ടം മണ്ണിനോട് ചേർത്തു.


"എവിടേടാ എൻ്റെ മനോമരു?" മനോമരു വിലോപ ദുഃഖത്തിൽ വിഷണ്ണനായ, നാട്ടിലെ തലമൂത്ത ചെറുപ്പക്കാരൻ മത്തായിക്കുഞ്ഞ് അലറി.


വാക് പോര് കൈ പോരാകുമെന്ന ഘട്ടത്തിൽ രക്ഷക രൂപേണ എസ് ഐ പ്രത്യക്ഷനായി.


"മാഷൊക്കെ അങ്ങ് പിള്ളർടെ മുന്നിൽ! മാറിക്കോ എല്ലാം!!!" അധികാരത്തിൻ്റെ ഹുങ്ക് നിറഞ്ഞ ഈ വാക്കിൻ്റെ ആഘാതത്തിൽ ആൾക്കൂട്ടം എട്ടടി പുറകോട്ട് ഇറങ്ങി. ആരാധനാ പാത്രത്തിൻ്റെ ദർശനത്തിൽ അത്ഭുതപരവശനായ നായരേട്ടൻ പോലും പിന്നോട്ട് നീങ്ങി.


"എവിടെടാ മോഷണവസ്തു?" എസ് ഐയിൻ ഗർജ്ജനം. ഇല്ല! ഉണ്മാനന്ദൻ ഉരിയാടുവാനുള്ള ലക്ഷണമൊന്നും കാണിക്കുന്നില്ല.


"സത്യ സ്വരൂപിയായ താങ്കൾ ഇങ്ങനെ നിന്നാലോ? ഉള്ളത് പറയൂ മഹാനുഭാവൻ!" നായരേട്ടൻ്റെ ശാസ്ത്രീയമായ

ഇടപെടൽ ചാറ്റൽ മഴയിൽ നനഞ്ഞ അമിട്ട് കണക്കെ വിഫലമായി.


"അകത്ത് ഇട്ട് രണ്ട് പൊട്ടിക്ക് സാർ" ഉള്ളിലെ രോഷം നിയമത്തിന് അടിയറവ് പറഞ്ഞ ഒരു പൗരൻ അലറി.


വാദ്യഘോഷങ്ങളോടെ മോഷ്ടാവിനെ സ്റ്റേഷനുള്ളിലേക്ക് ആനയിക്കുന്ന വേളയിൽ അതിനേക്കാൽ ഉച്ചത്തിൽ, മരണ മണി പോലെ ഒരു ശബ്ദം, നിർത്താതെ അലറുന്നു. ഫയർ ഫോഴ്സിൻ്റെ ശകടമാണ്.


എവിടെയോ എന്തോ സംഭവിച്ചിരിക്കുന്നു. പുതിയ വാർത്തയുള്ളപ്പോൾ പഴയതിന് എന്ത് പ്രസക്തി? ആളുകൾ പതിയെ ആ രക്തവർണ്ണ ശകടത്തിന് പിന്നാലെ നീങ്ങി.


"നിൻ്റെ സമയം ആയില്ലടാ" എസ് ഐ, ഉണ്മാനന്ദനെ കുട്ടേശ്വരൻ്റെ കൈകളിൽ ഭദ്രമായി ഏൽപിച്ച്, പുതിയ ദൗത്യം തേടി നീങ്ങി.


തീപിടിത്തം! പഞ്ചായത്ത് ഓഫീസിന് മുന്നിൽ! ഭരണകൂടത്തോടടുള്ള ഏതവൻ്റെയോ പ്രതിഷേധം ആകാം! അതോ ഇനി വല്ല തീവ്രവാദി ആക്രമണമോ?


ഉണ്മാനന്ദൻ്റെ മുഖത്ത് ആരും ശ്രദ്ധിക്കാത്ത ഒരു ചെറു ചിരി നായരേട്ടൻ കണ്ടു. "മ്മ്..?"


"സത്യം ജയിച്ചു!" ഉണ്മാനന്ദൻ്റെ വാക്കുകൾ നായരേട്ടനെ അത്ഭുതപ്പെടുത്തി. "എന്ത്?". ആൾകൂട്ട ബഹളത്തിൽ അർത്ഥമില്ലാത്ത ഒരു നിശ്ശബ്ദത വ്യാപിച്ചു.


ശമിച്ച തീ വീണ്ടും അണയ്ക്കുവാൻ പരിശ്രമിക്കുന്ന കർമ്മനിരതരായ സാമൂഹ്യപ്രവർത്തകർക്കിടയിലൂടെ പാതി വെന്ത ഒരു മനോമരുവിൻറെ കഷ്ണവുമായി എസ് ഐ നടന്ന് വന്നു. "കത്തിച്ചല്ലേ?" ബാക്കി വന്ന കടലാസ് കഷ്ണത്തിൻ്റെ ചൂട് ഉണ്മാനന്ദൻ്റെ ചിരിയെ തളർത്തി.


കട്ട മുതൽ മുഴുവനായും കത്തിച്ച കള്ളനെ എല്ലാവരും അത്ഭുത രൂപേ നോക്കി.


സംസാരിക്കുവാൻ വെമ്പി നിന്ന ഉണ്മാനന്ദൻ്റെ ചുണ്ടുകൾ പയ്യെ ചലിച്ച് തുടങ്ങി. "സത്യം ജയിക്കണം. എന്നും. എപ്പോഴും. ജീവൻ പോയാലും, മാനം പോയാലും സത്യം മാത്രം വിൽക്കണം! ഈ ഗ്രാമത്തിലെ ലക്ഷക്കണക്കിന് ആളുകൾ സത്യം ഭക്ഷിക്കുവാൻ ആശ്രയിക്കുന്ന മനോമരുവിൽ ഒരു കള്ളം വന്ന് പെട്ടാലോ? എൻ്റെ വാക്ക് വെറും പ്രതിജ്ഞയുടെ മുകളിലുള്ള ഉറപ്പല്ല, കരുതലുമല്ല. മുദ്രപത്രത്തിലെ ആധാരങ്ങളേക്കാൾ വിലയുള്ള, നിഘണ്ടുവിൻ്റെ പദസമ്പത്തിനപ്പുറമുള്ള ഒന്നാണ്."


"കിടന്ന് ഉരുണ്ട് കളിക്കാതെ കാര്യം പറയെഡോ" കൂട്ടത്തിലെ കാര്യസ്ഥനെന്നവണ്ണം ക്ഷമ കെട്ട കുട്ടേശ്വരൻ അലറി.


"മുട്ടനാടുകൾ തമ്മിൽ തർക്കം! ദ്വന്ദ്വയുദ്ധം മൂർച്ഛിച്ച് 20 മരണം!" തൊണ്ട വരണ്ട് വെള്ളം ഇറങ്ങാതെ ഉണ്മാനന്ദൻ പറഞ്ഞു. "ഉവ്വ്. ഇന്നത്തെ മനോമരുവിൽ ഞാൻ ഈ വാർത്ത വായിച്ചിരുന്നു", നായരേട്ടൻ. "അത്... അത് സത്യമല്ല! വഴിയിലൂടെ നടന്ന രണ്ട് ആടുകൾ അറിയാതെ കൂട്ടി മുട്ടി വീണു. അത്രേയുള്ളൂ! ബാക്കി പിതാമഹേതരജന്മനായ ഏതോ ഒരുവൻ്റെ കർമ്മത്തിൻ്റെ പരിണിതഫലം മാത്രം. അത് എൻ്റെ മനോമരുവിലൂടെ ലോകം മുഴുവൻ പടരുന്നത്, അസഹനീയം."


"ഓഹോ! വെറുമൊരു വ്യാജവൃത്താന്തം തടയുവനാണോ ഈ ബഹളം മുഴുവൻ?" കുട്ടേശ്വരൻ പുച്ഛേശ്വരനായി മാറി.


"വെറുമൊരു വ്യാജവൃത്താന്തമോ? ഇത് മുട്ടാനാടുകൾ തമ്മിലുള്ള കലഹത്തിലേക്ക് പോയാൽ? മരിച്ചവരുടെ ദേഹം തേടി അവരുടെ ജീവനുള്ള ശരീരങ്ങൾ എൻ്റെ അടുത്തേക്ക് വന്നാൽ? ഒരു വലിയ കലാപം തന്നെ നടന്നാൽ? വയ്യ! പാടില്ല!!! എഴുതിയവൻ ആസ്വദിക്കുന്ന പോലെ ഈ സത്യാന്വേഷി ഉണ്മാനന്ദൻ സഹിക്കില്ല."


"ദീർഘദർശി!" നായരേട്ടൻ്റെ കണ്ണുകൾ നിറഞ്ഞു. ഒരു നിമിഷമെങ്കിലും ഈ മഹാനെ തെറ്റിദ്ധരിച്ചല്ലോ എന്ന വിഷമത്തിൽ ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കി നായരേട്ടൻ സ്വയം ശിക്ഷ വിധിച്ചു.


ഒരു നാടിനെ കലാപത്തിൽനിന്ന് രക്ഷിക്കുവാൻ സ്വയം മോഷ്ടാവായി മാറിയ സത്യാന്വേഷി ഉണ്മാനന്ദൻ, വീണ്ടും മഹാൻ പട്ടത്തിലേക്ക് ചേക്കേറി. പരാതിക്കാർ ഓരോരുത്തരായി സ്വഭാവികമായും ഇനി ഒരിക്കലും തീർപ്പവാത്ത ആ പരാതി, സത്യത്തിനായി വേണ്ടെന്ന് വച്ചു.


"സത്യം പരമ പ്രധാനഹ!" പണ്ഡിതനെന്ന ഭാവത്തിൽ എസ് ഐ ഉണ്മാനന്ദൻ്റെ മുഖം നോക്കി മൊഴിഞ്ഞു.


സംശയത്തിൻ്റെ വിലങ്ങുകളിൽ നിന്ന് മോചിതനായ ശ്രീ. ഉണ്മാനന്ദൻ, കൂപ്പിയ കരങ്ങൾക്ക് ഇടയിലൂടെ ഒഴുകി. കള്ളൻ കള്ളനല്ലാതായി. അനീതി നീതിയായി.


കൂട്ടം പിരിഞ്ഞു. കൂടാനുള്ള കാരണങ്ങൾ ഇനി ഇല്ല. അപരാധമില്ല, വിധിയില്ല, വിപ്ലവമില്ല! സത്യം മാത്രം!!


സത്യം ജയിച്ച സന്തോഷത്തിൽ മ്ലാനമുഖവുമായി നായരേട്ടൻ സ്വഗൃഹത്തിലേക്ക് പതിയെ തിരിച്ചു. ഇല്ലാത്ത മനോമരുകൂട്ടി ഉണ്ണാത്ത ചോറ് സേവിക്കുന്ന സ്വപ്നവുമായി തിരിച്ച് ഉമ്മറത്തേക്ക്. തെറ്റിയ ദിനചര്യ ഇനി ഒരു ആചാരമാകാതെ കാത്തോളണേ എന്ന പ്രാർത്ഥനയിൽ പഠിപുര കടന്ന നായരേട്ടനെ ആനയിച്ചത് ഒരു തൂശനിലയിൽ വീണ ചൂട് ചോറിൻ്റെ മണമാണ്.


കാൽ കഴുകി അകത്ത് കയറിയ നായരേട്ടൻ മനസ്സിൽ പറഞ്ഞു "അല്ലെങ്കിൽ സ്വ ശരീര ശിക്ഷ നാളെയാക്കാം!"


"എടീ... എടുക്ക് ഒരു പറ ചോറ്!!!"



~ജയ്ക്കൂ


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ശാന്തി...

  ശാന്ത സുന്ദരമായ ഒരു വെളുപ്പാൻ കാലം. ചൂലിൻ്റെ പുറകുവശം കൊണ്ട് നല്ല ഒരു അടി കാലിന് കിട്ടിക്കൊണ്ടാണ് രാവിലെ കണ്ണ് തുറക്കുന്നത്. പത്ത് മണിയായിട്ടും എണീക്കാത്തതിന്റെ അല്ല! മുറി ആകെ അലങ്കോലമാണ്. ഇന്നലെ വൃത്തിയാക്കിക്കോളാം എന്ന് അമ്മയോട് പറഞ്ഞതാണ്. ചെയ്തില്ല. മടി. "എന്താടാ ഇന്നും ഇങ്ങനെയൊക്കെ തന്നെയാണോ" ശാന്തമായ ഉറക്കം അശാന്തമായി തീർന്നിരുന്നു. അവൻ തലയണ എടുത്ത് മുഖംമൂടി "ഒന്ന് പോ അമ്മ! ആകെ കിട്ടുന്ന ഒരു ഞായറാഴ്ചയാണ് ഇന്നെങ്കിലും ഉറങ്ങിക്കോട്ടെ." തലയണയുടെ വിടവിലൂടെ അവൻ പറഞ്ഞു. "ഈ മുറി അടുക്കാതെ. ഒരു ഉറക്കവും വേണ്ട!" മുകളിലെ മച്ചിലേക്ക് നോക്കിക്കൊണ്ട് അമ്മ. "എന്താ അമ്മ! എൻ്റെ മുറിയല്ലേ! ആരും കേറണ്ട. ഞാൻ മാത്രം കേറിക്കോളാ. അപ്പൊ ഇങ്ങനെ കിടന്നാലും പ്രശ്നമില്ലല്ലോ." മുകളിലെ വല അടിച്ചു കൊണ്ട് അമ്മ അവനെ ഒന്ന് നോക്കി. ദഹിച്ചു പോകുന്ന ഒരു നോട്ടം. "ഇവിടെ എൻ്റെ നിൻ്റെ എന്നൊന്നുമില്ല. എല്ലാം ഒരുപോലെയാ!" "എന്നാ പിന്നെ അടുക്കാം!" ഒന്ന് തിരിഞ്ഞുകിടന്നു കൊണ്ട് അവൻ കടുപ്പിച്ച് പറഞ്ഞു. നിലത്ത് കിടന്ന എന്തിലോ ചവിട്ടി വീഴാൻ പോയ അമ്മ ...

ഒരു മസ്സാജ് ഓർമ്മ

  "കൊള്ളാം! കൊറേ നാളത്തെ ആഗ്രഹമാണ് ഇത്. ഒരു സുഖമൊക്കെ ഉണ്ട്! കുളിയെന്ന് പറഞ്ഞപ്പോ ഇത്രയും കരുതിയില്ല. നല്ല തേച്ച് ഉരച്ച് കുളിപ്പിക്കുന്നുണ്ട്. നന്നായി വൃത്തിയാവട്ടെ. ലോകത്തിലെ ഏറ്റവും നല്ല മസാജ് സെൻ്ററിൽ ഇങ്ങനെ ഒക്കെ ആണെന്നാ കേട്ടിരിക്കുന്നേ... ശരിയായിരിക്കും. നമ്മൾ അനങ്ങാതെ ഇങ്ങനെ ഒക്കെ ചെയ്ത് കിട്ടുന്നത് ഒരു രസമുള്ള പരിപാടി തന്നെ. നാലും കാലിൻ്റെ താഴെയൊക്കെ ഒന്നൂടെ കഴുകാമായിരുന്നു.  സംഭവം ഒക്കെ കൊള്ളാം പക്ഷേ ഒരു പ്രൈവസി ഇല്ലല്ലോ. ഇതിപ്പോ എത്ര പേരാ... ആ പിന്നെ മുറിക്ക് നല്ല തണുപ്പ് ഉള്ളതുകൊണ്ട് കുഴപ്പമില്ല, ചൂടാണെങ്കിൽ ആൾ കൂടിയാൽ പ്രശ്നമാണ്. പറയണം? അത് വേണ്ട. കിടക്കാം...  വലിയ ബഹളം ഒന്നും ഇല്ലാത്തത് തന്നെ ഒരു ആശ്വാസം. സമാധാനം ഉണ്ട്... ശാന്തത. ഹാ പത്തൻപത് കൊല്ലം ജീവിച്ചിട്ട് ഇപ്പോളാണ് ഈ സാധനം ശരിക്ക് ഒന്ന് ആസ്വദിക്കുന്നത്. ഈ വെക്കേഷൻ പരിപാടി കൊള്ളാം. ജോലിയും വേണ്ട... വീടും വേണ്ട... നാട്ടുകാരും വേണ്ടാ.... പരമ സുഖം.... ഒരു പാട്ട് വച്ചിരുന്നേകിൽ കുറച്ച് കൂടെ സുഖം ആയേനെ... ശെടാ ഇതൊക്കെ ആർക്കെങ്കിലും ഒന്ന് അറിഞ്ഞ് ചെയ്ത് കൂടെ... ഒന്നുല്ലേലും ഞാൻ അല്ലേ ഇവിടെ വിഐപി... ശെടാ ഇതാരാ ...

The knot

Oh  yes! Today, it struck me. Long back, I made myself a well-tied knot around my neck. Many tried to untie, and many watched the whole play with a pack of popcorn. For years... And today it struck me, the whole idea was not to get out of it.  Why? Cause the knot, it tightens again and again, every time I try to move out of it. Holds me closer. With a tighter grip. It took me years to realize that there is no going back! The holy knot is made! Not in heaven, but in the midst of all these crises and chaos of barren green earth.  And what next? Finding comfort hanging! Trying out a swing... a R ealisation I n P eace . Grab a gallery view and watch the chaos, maybe try to enjoy it. And the knot? Still there. Old, but strong as hell. As a companion, as a partner who must never be named!                                                      ...