ദേശാടനപ്പക്ഷികളെപ്പോലെ ചില മനുഷ്യരുണ്ട്. സ്ഥിരമായി കുറച്ച് നേരത്തേക്ക് നമ്മുടെ ചുറ്റും കൂടുന്ന ചിലർ. യാത്ര പറഞ്ഞ ശേഷമുള്ള അവരുടെ പാത പലപ്പോഴും അജ്ഞാതമാകും. പിന്നീട് അടുത്ത വരവിന് ഒരു കുടം നിറയെ ഓർമ്മകളും വിശേഷങ്ങളുമായി അവർ വീണ്ടുമെത്തും.
എൻ്റെ വീട്ടിൽ അങ്ങനെ ഒരാളുണ്ട്. രഘുവരൻ മാമൻ. രഘുറാം എന്ന എൻ്റെ പേരിനോട് സാമ്യമുള്ളതുകൊണ്ട് ആണോ എന്ന് അറിയില്ല മാമൻ്റെ വരവിനായി ഞാൻ കാത്തിരിക്കും. ആള് വന്നാൽ പിന്നെ ഒരു ഉത്സവമാണ്. ലോകം മുഴുവൻ കറങ്ങിയ ആൾ. ഒരുപാട് കഥകൾ. ഒരുപാട് ആളുകളുടെ ഓർമ്മകൾ. സങ്കടങ്ങളില്ലാത്ത ആഘോഷങ്ങൾ മാത്രമുള്ള ഒരാൾ.
ആൾക്ക് നാട്ടിലും വീട്ടിലുമായി ഒരുപാട് ആരാധകൾ ഉണ്ട്. ഒരു നായക പരിവേഷം. നമ്മൾ പലരും സ്വപ്നം കാണുന്ന ജീവിതം, ജീവിക്കുന്ന ഒരാൾ. 39- ആം വയസ്സിന് മുൻപ് തന്നെ, അത്യാവശ്യം സമ്പാദിച്ച്, ജോലിയിൽ നിന്ന് വിരമിച്ച് തുടങ്ങിയ യാത്രകൾ. ഒരുതരം കെട്ടുപാടുകളിലും പെടാതെ പറന്ന് നടക്കുന്ന രഘു.
"ഇവനൊന്നും വേറെ പണിയൊന്നും ഇല്ലേ?" "കള്ളക്കടത്ത് ഒക്കെ ആയിരുന്നു അവിടെ" "പഴയ ദാവൂദിൻ്റെ ആളാ" തുടങ്ങി രഘു മാമൻ കേൾക്കാത്ത അപവാദങ്ങൾ ഇല്ല. ചില കഥകൾ കേൾക്കുമ്പോൾ നമുക്കും തോന്നും, ഈ കേട്ടതൊക്കെ ശരിയാണോ എന്ന്.
ദുബായിലെ കോർപ്പറേറ്റ് അടിമ എന്നതിൽ നിന്ന് സ്വാതന്ത്ര്യത്തിൻ്റെ പരകോടിയിലെത്തിയ ആൾ, ചുറ്റുമുള്ള പല അടിമകൾക്കും ഒരു പ്രവാചകനാണ്. അന്താരാഷ്ട്ര തരത്തിൽ അരി കച്ചവടം മുതൽ, ഏതൊക്കെയോ ഭൂഖണ്ഡങ്ങളിൽ സിം കാർഡ് ബിസിനസ്സ് വരെ നടത്തിയ ഒരു ഇൻ്റർനാഷണൽ ബിസിനസുകാരൻ എന്ന പട്ടം, ആരാധകരായ സാധാരക്കാർക്ക് സ്ഥിരീകരിക്കാൻ കഴിയാത്ത സത്യമായി, മേഘപാളിയിൽ തട്ടി ഇങ്ങനെ നിന്നു.
ഓർമ്മയിൽ ആദ്യമായി രഘു മാമൻ എന്ന ആ വലിയരൂപം മനസ്സിൽ കയറിയത്, എൻ്റെ 6 ആം വയസ്സിലെന്തോ ആണ്. ദുബായിൽ നിന്ന് വന്നപ്പോൾ, എനിക്ക് വേണ്ടി ഒരു പച്ച നിറത്തിലുള പമ്പരം തെറിക്കുന്ന വാച്ചും, നാട്ടിൽ കാണാത്ത തരത്തിലുള്ള മെറ്റൽ കൊണ്ടുണ്ടാക്കിയ, വാതിലൊക്കെ തുറക്കാൻ പറ്റുന്ന ഒരു ട്രക്കിൻ്റെ കളിപ്പാട്ടവുമൊക്കെ കൊണ്ടുവന്ന, ഒരു കവർ നിറയെ പേര് പോലും കേൾക്കാത്ത മിഠായിയുമായി വന്ന, എപ്പോഴും ചിരിക്കുന്ന മാമൻ്റെ രൂപവും, ആൾ കയറിവരുമ്പോൾ ഉള്ള മധുരം മണക്കുന്ന ഒരു പെർഫ്യൂം മണവും ഇന്നും ഞാൻ മറന്നിട്ടില്ല.
സിനിമകൾ കണ്ട്, സിനിമാ കഥകൾ പറഞ്ഞ്, പഴയ ഹിന്ദി സിനിമ ഗാനങ്ങൾ തൻ്റെ പരുപരുത്ത ശബ്ദത്തിൽ പാടിക്കൊണ്ട് എല്ലാവരെയും ആഘോഷത്തിൽ നിറച്ച വൈകുന്നേരങ്ങൾ. ആഘോഷങ്ങൾക്ക് ലഹരിയുടെ ഗന്ധം വേണ്ടെന്ന് ആ വരവുകൾ എൻ്റെ മനസ്സിൽ എവിടെയോ കോറിയിട്ടു. Pied Piper of Hamelin കഥയിലെപ്പോലെ, ആഘോഷവും, ആവേശവും തേടി, മാമൻ്റെ പുറകെ വാലുപോലെ നടന്ന് നീങ്ങുന്ന ഒരു കൂട്ടമായി ഞങ്ങൾ കുട്ടികൾ പലപ്പോഴും മാറി.
മാമൻ്റെ സംസാരം എപ്പോഴും വലിയ വലിയ കാര്യങ്ങളും, സ്വപ്നങ്ങളും, ആഗ്രഹങ്ങളുമായിരുന്നു. അന്നൊന്നും മാമൻ തൻ്റെ വീടിനെ പറ്റിയോ, നാടിനെപ്പറ്റിയോ ഒന്നും പറഞ്ഞില്ല. 'ലോക കാര്യങ്ങൾക്ക് ഇടയിൽ എന്ത് നാട്' എന്ന ചിന്തയിൽ ഞാനും ചോദിച്ചില്ല. എൻ്റെ അറിവിൽ, മാമന്, നാട്ടിൽ എത്തുമ്പോൾ, എൻ്റെ വീട്ടിൽ വരുന്നത് പോലെ ചെല്ലുന്ന ഒരു സ്ഥലമാണ് വീട്. ഒരു ഹോളിഡേ സ്റ്റേ പോലെ. വീട്ടിൽ തളയ്ക്കപ്പെട്ടെന്ന് കരുതിയ, സ്വാതന്ത്ര്യം എന്നത് വീട്ടിൽ നിന്നും വേരുകളിൽ നിന്നും വേർപെട്ട് ഒറ്റയ്ക്ക് തോന്നിയപോലെ നടക്കുന്നതാണെന്നും കരുതിയ എനിക്കൊക്കെ ആ ജീവിതം സ്വപ്നതുല്യമായ തോന്നി. ആ ചിന്ത, "ആരാവണം" എന്ന ചോദ്യത്തിന് രഘു മാമൻ ആകണം എന്ന ഉത്തരത്തിലേക്ക് എന്നെ എത്തിച്ചു. മാമനെപ്പോലെ, തോന്നുമ്പോൾ, തോന്നുന്ന സ്ഥലത്തേക്ക്, തോന്നുന്ന രീതിയിൽ, പോകുവാനുള്ള സ്വാതന്ത്ര്യം. ആഹ്ളാദ സംഭാഷണങ്ങളിൽ മാത്രം ഒതുങ്ങിയ മാമന്റെ സൗഹൃദങ്ങൾ എനിക്ക് ഒരു അത്ഭുതമായി തോന്നി.
കാലം ഒത്തിരി കടന്നു. ഇന്നും മാമൻ്റെ വരവ് പതിവ് തെറ്റാതെ നടക്കുന്നുണ്ട്. അതേ ആഘോഷം. അതെ ആരവം... രൂപം മാത്രം പതിയെ മാറി തുടങ്ങി. വെളുത്ത മുടിയുടെ അകമ്പടിയിൽ, ചുക്കി ചുളുങ്ങിയ കൈകൾ. നടപ്പിൻ്റെ വേഗത സ്വല്പം കുറഞ്ഞു. പക്ഷെ കഥകൾക്ക് ഇന്നും പഴേ ആവേശമുണ്ട്. കേട്ട കഥ വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന ആ മായാജാലം ഇന്നും മാമനെ വിട്ട് പോയിട്ടില്ല.
പതിവിലും വ്യത്യസ്തമായിരുന്നു ഇത്തവണത്തെ മാമൻ്റെ വരവ്. വണ്ടിയുടെ പുറകിൽ ഒരു വലിയ കെട്ട് ഉണ്ട്. എന്തോ വലിയ സാധനമാണ്. മാമൻ്റെ വണ്ടിയുടെ ഒച്ച കേട്ടപാടെ ഞാൻ ഉമ്മറത്തേക്ക് ഓടി. ആ പഴയ ആറു വയസ്സുകാരൻ്റെ അതേ പ്രസരിപ്പിൽ. ചെന്നപ്പോൾ ഞാൻ കാണുന്നത് ഒരു വലിയ കെട്ടും കയ്യിൽ പിടിച്ച്, സൈഡിൽ തൂക്കിയ ബാഗ് എടുക്കുവാൻ കിണഞ്ഞ് പരിശ്രമിക്കുന്ന ആളെയാണ്.
"ഒന്ന് വിളിക്കരുതോ മാമാ...? ഇങ്ങ് തായോ ആ വലിയ പൊതി ഞാൻ പിടിക്കാ"
"നീ ഇത് എട്. " അരികിലുള്ള ബാഗ് ചൂണ്ടിക്കൊണ്ട് മാമൻ പറഞ്ഞു.
എൻ്റെ കയ്യിൽ പോലും തരാതെ പിടിച്ച ആ നിധി, കാണുവാനുള്ള കൊതികൊണ്ട് മനസ്സ് വെമ്പി. മനസ്സിൽ ഒരു നൂറ് സംശയം. സ്വർണ്ണമോ മറ്റോ ആണോ? നാട്ടുകാർ പറയുന്ന പോലെ സ്വർണ്ണം കടത്തിയോ മറ്റോ...അറിയില്ല. ഞാൻ പുറകെ കൂടി.
അതുമായി മാമൻ നേരെ അടുക്കളപ്പുറത്തേക്കാണ് പോയത്. എൻ്റെ അച്ഛൻ്റെ അടുത്തേക്ക്. അവിടെ ചെന്ന് ആ പൊതി തുറന്നു.
ഒരു ഭരണി. പൊടിയൊക്കെ പിടിച്ചിട്ടുണ്ട്. കൈ പിടിക്കുവാനുള്ള രണ്ട് കുഴയൊക്കെ ഉണ്ട്. അതിൻ്റെ കീഴിൽ എന്തോ കൊത്തി വച്ചിട്ടുമുണ്ട്.
"ഇനി ഇത് ഇവിടെ ഇരിക്കട്ടെ!"
ഞാൻ ഓടി പോയി അത് തുറന്നു. കാലി!
എനിക്കൊന്നും മനസ്സിലായില്ല. ഒന്ന് പരതി നോക്കി. "കാർത്യായനിയമ്മ വക" എന്ന് കൊത്തിയിരിക്കുന്നു.
"എടോ! വീട് ഏതാണ്ട് ഭാഗം വച്ച് പോകാറായി! ചേട്ടന്മാർക്കും അനിയന്മാർക്കും എല്ലാം അത്യാവശ്യം. പറ്റുന്നത്ര ഞാൻ ഒന്ന് ഉടക്കി! എവിടുന്ന്..." ഒരു നീണ്ട നെടുവീർപ്പോടെ മാമൻ അച്ഛനോട് പറഞ്ഞു തുടങ്ങി.
"ഇനിപ്പോ ഒരു വർഷത്തിനുള്ളിൽ മൊത്തത്തിൽ പൊളിക്കും. കഴിഞ്ഞ മാസം അമ്മയും പോയതോടെ, ഞാൻ മാത്രമല്ലേ അവിടെയുള്ളൂ... ബാക്കി എല്ലാവരും അവരുടെ വഴിക്ക് പണ്ടേ പോയതല്ലേ... അവർക്കൊക്കെ എന്ത് വീട്, എന്ത് ഓർമ്മകൾ..." അച്ഛൻ ഒന്നും മിണ്ടുന്നില്ല. എല്ലാം അറിയാമെന്ന പോലെ അവിടെ നിന്നു.
ഞാൻ ആകെ അത്ഭുതത്തിലായി. മാമൻ്റെ ഉള്ളിലും ഈ ബന്ധങ്ങൾ ഉണ്ടോ? അതോ കാലം മാമനെയും വീടെന്ന ബന്ധനത്തിൽ കിടക്കുന്ന ഒരു വെറും മനുഷ്യനായി മാറ്റിയോ?
"ഇത് വീട്ടിലിരുന്ന ഒരു പഴയ ഭരണിയാ... അമ്മ മാങ്ങ ഉപ്പിലിടുന്ന ഭരണി! അമ്മൂമ്മയുടെയാ... അവന്മാർ ഇതും കൊണ്ട് വിൽക്കും! ഇവിടെയാണേൽ അത് ഇങ്ങനെ ഇരുന്നോളൂലോ... ആ വീടിൻ്റെ ഓർമ്മയ്ക്ക്..." ഭരണിയുടെ വക്കിലുഉള പൊടി തുടച്ചുകൊണ്ട് മാമൻ പറഞ്ഞു.
"എൻ്റെ വീടും ഓർമ്മയും ഇനി ഇവിടെയാകട്ടെ...." എന്നും പറഞ്ഞ് മാമൻ ബാഗ് എടുത്ത് അകത്തെ മുറിയിലേക്ക് നടന്നു.
ആ നടപ്പിൽ, “ഏത് നായകൻ്റെയും അസ്തിത്വം അവൻ്റെ ഓർമ്മകളിലാണ്… എത്ര ഇല്ലെന്ന് ഭാവിച്ചാലും... കൂടെ വരുന്ന, കൂടെ വരേണ്ട ഒന്ന്”, എന്ന ഒരു ഭാവമായിരുന്നു നിറഞ്ഞത്.
ദേശാടനപ്പക്ഷികൾക്കും അവരുടെ അസ്തിത്വം പ്രധാനമല്ലേ...
~ജയ്ക്കൂ

ഗംഭീരം 👌
മറുപടിഇല്ലാതാക്കൂഭംഗിയായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂVery beautiful 😍
മറുപടിഇല്ലാതാക്കൂNice writing. Keep writing Jaykutta
മറുപടിഇല്ലാതാക്കൂസുഖമുള്ള ഒരു ചെറിയ സിനിമ കണ്ടപോലെ… വാക്കുകൾ ദൃശ്യങ്ങളായാണ് മനസ്സ് എടുത്തത്… കൂടെ വന്ന
മറുപടിഇല്ലാതാക്കൂഓർമ്മകൾ എപ്പോഴുമെന്ന പോലെ, ഉള്ളിൽ ഒരു സുഖമുള്ള നൊമ്പരവും കോറി കടന്നുപോയി…